കൊച്ചി: എറണാകുളം പുല്ലേപ്പടി കമ്മട്ടിപാടത്ത് പത്തു വയസുകാരൻ റിസ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അജി ദേവസ്യക്കു ജില്ലാ അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 25,000 രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ അമ്മയ്ക്കു നൽകണം. 2016 ഏപ്രിൽ 26നു പുലർച്ചെയാണു വീടിനു സമീപത്തെ കടയിലേക്കു മുട്ട വാങ്ങാൻ പോകുന്പോൾ പറപ്പിള്ളി ജോണിയുടെ മകൻ റിസ്റ്റിയെ അയൽവാസിയായ ദേവസ്യ കുത്തിക്കൊലപ്പെടുത്തിയതായി കേസുള്ളത്.
റിസ്റ്റിയുടെ ശരീരത്തിൽ 17 കുത്തുകളേറ്റു. നായ കുരയ്ക്കുന്നതും ആളുകളുടെ നിലവിളിയും കേട്ടാണ് റിസ്റ്റിയുടെ അമ്മ ലിനിയും സഹോദരി എയ്ബലും ഓടി എത്തിയത്. ലിനിയാണു കുട്ടിയുടെ കഴുത്തിൽനിന്നു കത്തി ഊരിയെടുത്തത്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
റെയിൽവേ പാളത്തോടു ചേർന്ന വീടുകളിലാണു റിസ്റ്റിയും കുടുംബവും താമസിച്ചിരുന്നത്. പാളത്തിന് എതിർവശത്തെ വീട്ടിലായിരുന്നു അജിയും കുടുംബവും. ലഹരിക്കടിമയായിരുന്നു അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോള്‍ ജോണ്‍ എത്തിയാണ് അവരെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നത്.
അതിന്റെ വൈരാഗ്യത്തിൽ റിസ്റ്റിയെ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. സെന്റ് ആൽബർട്സ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു റിസ്റ്റി. റിസ്റ്റിയുടെ ആദ്യകുർബാന ഒരുക്കച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.