ഹൃത്വിക്കിനെയോർത്ത് അഭിമാനിക്കുന്നുവെന്ന് മുൻ ഭാര്യ സൂസൈൻ. റിലീസിങ് വിവാദങ്ങൾക്കു ശേഷം ഹൃത്വിക് നായകനായെത്തുന്ന കാബിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്നു തിയറ്ററുകളിലെത്തുന്ന കാബിലിന്റെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചു നടന്നു.
പ്രദർശനം കണ്ട ഹൃത്വിക്കിന്റെ മുൻ ഭാര്യ സൂസൈന്റെ പ്രതികരണമായിരുന്നു ഹൃത്വിക്കിനെയോർത്ത് അഭിമാനിക്കുന്നുവെന്നത്. ഇൻസ്റ്റഗ്രാമിലാണ് സൂസൈൻ ഇങ്ങനെ കുറിച്ചത്. ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനങ്ങളിലൊന്നായിരുന്നു നടൻ ഹൃത്വിക് റോഷൻ-സൂസൈൻ ദന്പതികളൂടേത്. 17 വർഷത്തെ ദാന്പത്യത്തിനു ശേഷമായിരുന്നു ഇരുവരും വേർപിരിഞ്ഞത്. വിവാഹമോചനത്തിനു ശേഷവും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു.
ഇടയ്ക്ക് കുട്ടികൾക്കു വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരടക്കമുളളവർ ചിത്രം കണ്ടതിനുശേഷം ഹൃത്വിക്കിനെ അഭിനന്ദനങ്ങൾകൊണ്ടു മൂടുകയാണ്.
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബിലിൽ ഹൃത്വിക് അന്ധ കഥാപാത്രമായാണ് എത്തുന്നത്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക.
ബോളിവുഡിലെ ഏറ്റവും നല്ല ജോടിയാണ് ഹൃത്വിക്കും സൂസൈനുമെന്നും പ്രശ്നങ്ങളെല്ലാം മറന്ന് ഇരുവരും ഒന്നിക്കണമെന്നുമാണ് സൂസൈന്റെ ഈ ട്വീറ്റിനു മറുപടിയായി ഒട്ടേറെ പേർ റീ ട്വീറ്റു ചെയ്തിരിക്കുന്നത്.