ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിടെ ഗ്രൗണ്ട്സ്മാനെ അപമാനിച്ച ഇന്ത്യൻ ഓപ്പണർ ഋതുരാജ് ഗേയ്ക്വാദിനെതിരേ വിമർശനമുയരുന്നു.
ഞായറാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസിനുശേഷം മഴ പെയ്തതോടെ 50 മിനിറ്റ് വൈകിയാണു കളി ആരംഭിച്ചത്.
19 ഓവറാക്കി ചുരുക്കിയ മത്സരം 3.3 ഓവർ ആയപ്പോഴേക്കും വീണ്ടും മഴയെത്തി. ഇതോടെ പിന്നീട് മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
മഴ പെയ്തതിനാൽ പിച്ച് മൂടാനും മറ്റുമായി ഗ്രൗണ്ട്സ്മാൻമാരുടെ ഒരു സംഘംതന്നെ മൈതാനത്തുണ്ടായിരുന്നു.മഴയുടെ ഇടവേളയ്ക്കിടെയാണ് ഡഗൗട്ടിലിരുന്ന ഋതുരാജിനു സമീപത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും സെൽഫി എടുത്തോട്ടെ എന്ന് അഭ്യർഥിച്ച് താരത്തിനു സമീപം ഇരിക്കുകയും ചെയ്തത്.
എന്നാൽ ഇദ്ദേഹത്തോടുള്ള ഋതുരാജിന്റെ പെരുമാറ്റം അത്ര നന്നായില്ല. ഇയാളെ കൈകൊണ്ടു തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ട താരം, സെൽഫിക്കായി ഗ്രൗണ്ട്സ്മാന്റെ ഫോണിലേക്കു നോക്കുക പോലും ചെയ്തില്ല.
കുറച്ചുനേരം അവിടെയിരുന്ന ഗ്രൗണ്ട്സ്മാനോട് ഋതുരാജ് എഴുന്നേറ്റു പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
വീഡിയോ വൈറലായതോടെ സമൂഹമാധ്യമത്തിൽ കടുത്ത വിമർശനമാണു താരത്തിനെതിരേ ഉയരുന്നത്. അതേസമയം കോവിഡ് സാഹചര്യങ്ങൾ കാരണമാണു ഋതുരാജ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നു പറഞ്ഞ് ചിലർ താരത്തിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നുണ്ട്.
എന്നാൽ, ഋതുരാജിന്റെ ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗത്തിനും.