കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റാമെന്നു വാഗ്ദാനം നല്കി തിരുവനന്തപുരം സ്വദേശികളായ വയോധികയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശി അലക്സിനെ (19) യാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്സ് അവിടെ റൂംബോയ് ആയിരുന്നു
. പരാതിക്കാരിയുടെ ഹൃദയസംബന്ധമായ അസുഖം മനസിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റുന്നതിന് പ്രത്യേക പൂജ അറിയാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി ആദ്യംതന്നെ ഒമ്പത് ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പലതവണകളായി 16 ലക്ഷം രൂപ കൂടി വാങ്ങി.
കൂടുതല്‍ പൂജാകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങാനായി വേറെയും പണം കൈപ്പറ്റുകയുംചെയ്തു.
പണത്തിനായി തുടർന്നും ഭീഷണിപ്പെടുത്തിയതോടെ വയോധികയും മകളും ഡിസിപി ജി. പൂങ്കുഴലിക്കു പരാതി നല്കി. സെന്‍ട്രല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.