ഹൂസ്റ്റൺ: മുൻ കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്ത യുവാവ് 120 കോടി ഡോളർ (ഏകദേശം 9985.2 കോടി രൂപ) നഷ്ടപരിഹാരം നല്കാൻ അമേരിക്കൻ കോടതിയുടെ ഉത്തരവ്.
പരാതി നല്കിയ ടെക്സസ് സ്വദേശിനി ‘റിവഞ്ച് പോണി’നു വിധേയയായി എന്നു വിലയിരുത്തിയാണു കോടതി ഭീമൻ പിഴ വിധിച്ചത്.
മാർക്വിസ് ജമാൽ ജാക്സൺ എന്നയാൾക്കെതിരേയാണു യുവതി ടെക്സസ് കോടതിയിൽ പരാതി നല്കിയത്. 2016 മുതൽ 2021 വരെയാണ് ഇരുവരും അടുപ്പത്തിലായിരുന്നത്.
പിരിഞ്ഞതിനുശേഷം യുവാവ് യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതിന്റെ ലിങ്കുകൾ യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. “ഇന്റർനെറ്റിൽനിന്നു ഫയലുകൾ ഡീലിറ്റ് ചെയ്ത് ഇനിയുള്ള കാലം കഴിച്ചുകൂട്ടാം” എന്ന സന്ദേശം യുവതിക്കും നല്കി.
പത്തു കോടി ഡോളറാണു യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത്തരം പ്രവൃത്തികൾക്കു മുതിരുന്നവർക്കു പാഠമാകട്ടെ എന്നു ചൂണ്ടിക്കാട്ടിയാണു ഹാരിസൺ കൗണ്ടി കോടതി ജൂറി ഭീമമായ പിഴ വധിച്ചത്.