പേരാമ്പ്ര: മലവെള്ള പാച്ചിലിൽ ചെമ്പനോട കടന്തറ പുഴയിൽ വെള്ളം പൊങ്ങിയതിനെ തുടർന്നു തുരുത്തിൽ കുടുങ്ങിയ കർഷകൻ ചെമ്പനോട മൂലേ തൊട്ടിയിൽ മാത്യു (60)വിനു ഇന്നലെ രാത്രി രക്ഷകരായത് നാട്ടുകാരായ രണ്ടു യുവാക്കൾ. തുരുത്തിൽ മേയാനായി കെട്ടിയിരുന്ന പശുവിനെ അഴിക്കാനാണു വൈകുന്നേരം അഞ്ചരയോടെ മാത്യു തുരുത്തിലേക്ക് പോയത്.
പശുവുമായി തിരിച്ചു പോരാനൊരുങ്ങുമ്പോൾ മലവെള്ളം ഇരച്ചെത്തി പുഴ പെട്ടെന്നു നിറയുകയായിരുന്നു. ഫയർഫോഴ്സ്, പോലീസ് എന്നിവർ മേഖലയിൽ എത്തിയെങ്കിലും ഇവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വടമെങ്കിലും എത്തിച്ചു തരാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സേന സംഭവ സ്ഥലത്തെത്താൻ രാത്രിയിൽ വൈകി.
ഒടുവിൽ നാട്ടുകാരായ ലിബു കല്ലുപറമ്പിൽ, മേപ്രയിൽ ജിറ്റോ എന്നിവർ കുത്തിയൊഴുകുന്ന മലവെള്ളത്തിലിൽ ചാടി തുരുത്തിലെത്തി മാത്യുവിനെ ഇരുഭാഗത്തുമായി പിടിച്ച് 20 മീറ്ററോളം തിരിച്ചു നീന്തി സാഹസികമായി കരക്കെത്തിക്കുകയായിരുന്നു. അപ്പോൾ സമയം പത്ത് കഴിഞ്ഞിരുന്നു. വാർഡ് മെമ്പർ സിമിലി സുനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു സഹായകരായി രംഗത്തുണ്ടായിരുന്നു.
മറ്റു മൂന്നു പേർ കൂടി പുഴയിൽ കുടുങ്ങിയതായി നേരത്തെ സംസാരമുണ്ടായിരുന്നു. മാത്യുവിന്റെ പശു ഇപ്പോഴും തുരുത്തിൽ തന്നെയാണ്. പൂഴിത്തോട് ഉൾവനത്തിൽ ഉരുൾപൊട്ടിയതു കൊണ്ടാകാം മലവെള്ളപ്പാച്ചിലുണ്ടാകാൻ കാരണമെന്നു സംശയിക്കുന്നു. ശാന്തമായ പുഴയിൽ പെട്ടെന്നു വെള്ളം വന്നു നിറയുന്ന പ്രത്യേകത കൊണ്ട് കടന്തറ പുഴയിലിറങ്ങിയ പലർക്കും മുമ്പ് ജീവഹാനി സംഭവിച്ചിട്ടുണ്ട്.