പത്തനംതിട്ട: ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പ, മണിമല നദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടങ്ങി. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 22 സ്ഥലങ്ങളില്‍ മാലിന്യങ്ങളും മലിനജലവും ജലാശയത്തില്‍ തള്ളുന്നതായി കണ്ടെത്തിയ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 1,05,000 രൂപ പിഴ ചുമത്തി.
റാന്നി പെരുനാട്ടില്‍ ആറും നാറാണമൂഴിയില്‍ അഞ്ചും ആറന്മുളയില് നാലും കോഴഞ്ചേരിയിലും തോട്ടപ്പുഴശേരിയിലും രണ്ടും മല്ലപ്പള്ളിയിലും നിരണത്തും റാന്നിയിലും ഒരു സ്ഥലത്തുമാണ് പിഴ ചുമത്തിയത്. പമ്പാനദിയുടെയും കൈവഴിയുടെയും സമീപത്തുള്ള 18 പഞ്ചായത്തുകളിലാണ് മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പരിശോധിച്ചത്.
ജലമലിനീകരണത്തിന് കാരണമാകുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപം, വീടുകള്‍, വ്യാപാ, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത്, സുഗമമായ നീരൊഴുക്ക് തടസപ്പെടുന്നതു മൂലമുള്ള ജലമലിനീകരണം തുടങ്ങിയവ പരിശോധിച്ചു.
മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനു സോക്ക് പിറ്റ് ഉള്‍പ്പടെ നിര്‍മ്മിച്ച് മലിന ജലം ജലാശയങ്ങളില്‍ കലരുന്നത് തടയുന്നതിനും നിര്‍ദ്ദേശം നല്കി. ഇവ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന വിജിലന്‍സ് സ്ക്വാഡും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും ഉറപ്പ് വരുത്തും.
വേനല്‍ക്കാലത്തെ ജലാവശ്യങ്ങള്‍ നിറവേറ്റുന്നതും ജലാശയങ്ങള്‍ മലിനപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കുന്നതും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുജനങ്ങളിലൂടെ മേല്‍നോട്ടം ഉറപ്പു വരുത്തുന്നതും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്നതെന്നും പരിശോധനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള് പറഞ്ഞു.
കേരള പഞ്ചായത്ത് മുനിസിപ്പാലിറ്റി മാലിന്യ സംസ്ക്കരണ ഭേദഗതി ഓഡിനന്‍സ് 2023 പ്രകാരം പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കി വിട്ടാല്‍ പതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാം.
പൊതുജലാശയങ്ങള്‍ മലിനമാക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും ലഭിക്കും.
വ്യാപാരികളുടെ പഞ്ചായത്ത് ധര്‍ണ ഏഴിന്
മല്ലപ്പള്ളി: വ്യാപാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ക്കും നിയമങ്ങള്‍ക്കുമെതിരേ ഏഴിന് വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. ലൈസന്‍സ് ഇല്ലാത്ത വ്യാപാരികളെ തടയുമെന്ന പ്രഖ്യാപനം നിലനില്‍ക്കേ ടൗണിലെ വഴിയോരങ്ങളില്‍ നടത്തുന്ന വ്യാപാരങ്ങളെ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കാതെ ലൈസന്‍സുകള്‍ സ്വന്തമാക്കി നികുതിയും അടച്ച് വ്യാപാരം ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുകയാണ് പഞ്ചായത്തും സര്‍ക്കാര്‍ വകുപ്പുകളും ചെയ്യുന്നതെന്ന് വ്യാപാരി വ്യവാസായി ഏകോപനസമിതി കുറ്റപ്പെടുത്തി.
നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ അത്തരം പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനു വ്യാപാരികള്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പിഴയിടുന്ന പ്രവണതയാണ് നിലവിലുള്ളത്. നിരോധിത പ്ലാസ്റ്റി ഉത്്പാദിപ്പിക്കുന്നത് പൂര്‍ണമായും തടഞ്ഞാല്‍ ഇതുകൊണ്ടുള്ള പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാമെന്നിരിക്കേ ഇതിനു ശ്രമിക്കാതെ പിഴ ഈടാക്കാനുള്ള തന്ത്രമാണ് പ്ലാസ്റ്റിക് വിപണനം.