കൊളംബോ: ശ്രീലങ്കയിൽ മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങൾക്ക് (ബുർഖ) വിലക്കേർപ്പെടുത്തി. ഇന്നു മുതൽ നിരോധനം നിലവിൽ വരുമെന്ന് സർക്കാർ പറഞ്ഞു. കത്തോലിക്ക പള്ളികൾ അടച്ചിടാനും സർക്കാർ ഉത്തരവിട്ടു. ഈസ്റ്റർദിന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു.
മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖംമൂടി ശിരോവസ്ത്രം ഉപയോഗിക്കുന്നതിനെയാണ് വിലക്കിയിരിക്കുന്നത്. സ്ഫോടകവസ്തുക്കളുമായി കൂടുതൽ ഭീകരർ ഇപ്പോഴും സജീവമായി രാജ്യത്തിനുള്ളിലുണ്ടെന്ന് അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ പരസ്യ ദിവ്യബലി അർപ്പണം താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനെ തുടർന്ന് ഞായറാഴ്ച കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ ചാപ്പലിൽ അർപ്പിച്ച ദിവ്യബലി രാജ്യവ്യാപ കമായി ടിവിയിൽ സംപ്രേഷണം ചെയ്തു.
ടിവിയിൽ സംപ്രേഷണം ചെയ്ത ദിവ്യബലിയിൽ വിശ്വാസികൾ വീടുകളിലിരുന്നു ഭക്തിപൂർവം പങ്കെടുത്തു. ദിവ്യ ബലിയിൽ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്സെ തുടങ്ങിയ പ്രമുഖർ സം ബന്ധിച്ചു.ഇതിനിടെ, സ്ഫോടനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 106 ആയി. തമിഴ് ഭാഷാ അധ്യാപകനും സ്കൂൾ പ്രിൻസിപ്പലും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
അതേസമയം ശ്രീലങ്ക ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ അയയ്ക്കാനായി ചെന്നൈയിൽ എൻഎസ്ജിയുടെ നൂറു കമാൻഡോകൾ തയാറാണെന്ന് റിപ്പോർട്ടുണ്ട്. ഭീകരരെ നേരിടുന്നതിന് പ്രത്യേക പരീശീലനം കിട്ടിയവരാണ് ഇവർ. റോയുടെയും ഐബിയുടെയും രണ്ടംഗ സംഘം നിലവിൽ കൊളംബോയിൽ ഉണ്ട്.