ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് തടയാൻ ഇന്ത്യ തീരുമാനിച്ചിരിക്കെ, ഇത് നടപ്പാക്കാൻ നിരവധി പദ്ധതികളുണ്ടെന്നു മുതിർന്ന ഉദ്യോഗസ്ഥർ. ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളും ഇതിൽപ്പെടുന്നു.
3,180 കിലോമീറ്റർ നീളമാണു സിന്ധു നദിക്കുള്ളത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്നു കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ പൂർണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽനിന്ന് ഏകദേശം 135 ദശലക്ഷം ഏക്കർ അടി (എംഎഎഫ്) വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നു. ഇവയെല്ലാം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്.
സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതും ജലസംഭരണി ശേഷി വർധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാർഗങ്ങൾ. ഇതെല്ലാം പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും. ഝലം നദിയുടെ ഒരു പോഷകനദിയിലെയും ചെനാബിന്റെ ഒരു പോഷകനദിയിലെയും നിർമാണത്തിലിരിക്കുന്ന രണ്ടു ജലവൈദ്യുത പദ്ധതികളെ പാക്കിസ്ഥാൻ എതിർത്തുവരികയാണ്.
കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പാക്കിസ്ഥാന്റെ എതിർപ്പുകൾ അവഗണിക്കാൻ ഇന്ത്യക്ക് സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ, ഈ നദികളിൽ പുതിയ അണക്കെട്ടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുന്നതും പരിഗണനയിലുണ്ട്. ഇതിനെതിരേ ലോകബാങ്കിൽനിന്നോ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നോ എന്തെങ്കിലും സമ്മർദം ഉണ്ടായാൽ നിയമപരമായ മറുപടി തയാറാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.