നർക്കിലക്കാട്(കാസർഗോഡ്): വിഷു ദിനത്തിൽ പരപ്പച്ചാൽ ചൈത്ര വാഹിനി പുഴയിൽ സഹോദരങ്ങളുടെ മക്കളായ വിദ്യാർഥികൾ മുങ്ങി മരിച്ചു.
വെസ്റ്റ് എളേരി കാവുന്തലയിലെ സ്രാകത്തിൽ റെജിയുടെയും സെലിന്റെയും മകൻ ആൽബിൻ റെജി (15), സ്രാകത്തിൽ തോമസിന്റെയും ജയിനിയുടെ യും മകൻ ബ്ലെസൻ തോമസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം.
ആൽബിൻ റെജി വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബ്ലസൻ തോമസ് മംഗലാപുരം എ.വി. ഷെട്ടി കോളേജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയുമാണ്.
വിഷു ദിനത്തിൽ പരപ്പചാലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. പുഴയിൽ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും ഇരുവരും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് തന്നെ മരണം സംഭവിച്ചു.
മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം വരക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ.