ആലുവ: യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആലുവ സ്വദേശിയിൽനിന്നു ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തൃശൂർ മുണ്ടൂർ കൊല്ലന്നൂർ പൊമേറോ (29) യെയാണ് ആലുവ ഈസ്റ്റ് പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തി കുടുക്കിയത്.
സംഭവത്തിൽ ഉൾപ്പെട്ട തൃശൂരിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയായ റിയയെന്ന യുവതിയടക്കം മറ്റു പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസൽ രാഷ്ട്രദീപികയോടു പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒളിവിൽ കഴിയുന്ന ബ്യൂട്ടീഷൻ റിയയാണ് തട്ടിപ്പിന്റെ സൂത്രധാരി. ഫെയ്സ്ബുക്കിലൂടെ ആലുവ അശോകപുരം സ്വദേശിയുമായി ഇരിങ്ങാലക്കുട സ്വദേശിയായ റിയ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഫോണിലൂടെ നിരന്തരം ബന്ധം പുലർത്തിയിരുന്ന റിയ ഭർത്താവുമായി അകന്നു കഴിയുകയാണെന്നാണ് അറുപത്തിയേഴുകാരനായ കാമുകനെ തെറ്റിധരിപ്പിച്ചിരുന്നത്.
ഇയാളെ നെടുന്പാശേരിയിലെ ഒരു അപ്പാർട്ടുമെന്റിൽ വിളിച്ചുവരുത്തി ലൈംഗീകബന്ധത്തിൽ ഏർപ്പെടുകയും ഈ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെടുക്കുകയുമായിരുന്നു. പ്രണയക്കുരുക്കിലകപ്പെട്ട മുൻ പ്രവാസി കൂടിയായ ഇയാളെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു സംഘത്തിന്റെ പിന്നീടുള്ള ശ്രമങ്ങൾ.
അപ്പാർട്ടുമെന്റിലെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകൾ വഴി പുറത്തുവിടുമെന്നും വീട്ടുകാരെ കാണിച്ചു കൊടുക്കുമെന്നും പറഞ്ഞായിരുന്നു റിയയയുടെ നേതൃത്വത്തിൽ ഭീഷണി. ഒടുവിൽ ആദ്യം അയ്യായിരം രൂപയും പിന്നീട് 12,000 രൂപയും യുവതിയുടെ അക്കൗണ്ടിലേക്ക് ഇയാൾ അയച്ചുകൊടുത്തു.
എന്നാൽ രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു യുവതിയും സംഘവും ഭീഷണി തുടർന്നതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നു പറഞ്ഞ തുക നല്കാമെന്നു സമ്മതിച്ച് ഇയാളെക്കൊണ്ടു പോലീസ് ഇവരെ ആലുവയിലേക്കു വിളിച്ചുവരുത്തിക്കുകയായിരുന്നു. എന്നാൽ പണം കൈപ്പറ്റാനെത്തിയത് യുവതിയുടെ സുഹൃത്തും മറ്റു രണ്ടുപേരുമാണ്. ആലുവ സീനത്ത് ജംഗ്ഷനിലെത്തിയ സംഘത്തിലെ പൊമേറോ കസ്റ്റഡിയിലായതോടെ മറ്റു രണ്ടു പേർ രക്ഷപ്പെട്ടു.
അതേസമയം, അറസ്റ്റിലായ പൊമേറോ തൃശൂർ ഭാഗത്തെ പലിശ ഇടപാടുകാരനാണെന്നു പറയുന്നു. ഇയാൾ അടുത്തിടെ ഇറങ്ങിയ മലയാള സിനിമയിൽ അഭിനയിച്ചിരുന്നതായി പോലീസിനോടു അവകാശപ്പെടുകയും ചെയ്തു. സിനിമ മേഖലയുമായി ബന്ധം തെളിയിക്കുന്ന നിരവധി സെൽഫി ചിത്രങ്ങളും ഫോണ് നന്പറുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. സ്വന്തമായി ബ്യൂട്ടിപാർലർ തുടങ്ങുന്നതിനായി റിയ ഇയാളിൽനിന്നും രണ്ടര ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നതായി പറയുന്നു.
ഈ തുക അറുപത്തിരണ്ടുകാരനെ ഭീഷണിപ്പെടുത്തി വാങ്ങിയെടുക്കാൻ പൊമേറോയെയും സംഘത്തെയും റിയ ഏർപ്പെടുത്തുകയായിരുന്നത്രെ. എന്നാൽ, യുവതിയിപ്പോൾ ജാർഖണ്ഡിലുള്ള ഭർത്താവിനൊപ്പമാണെന്നാണ് അറസ്റ്റിലായ കൂട്ടാളിയുടെ മൊഴി. ഇതു വിശ്വാസത്തിലെടുക്കാത്ത പോലീസ് സെക്സ് റാക്കറ്റുമായി ബന്ധമുള്ള സംഘമാണോ ആലുവയിലെ തട്ടിപ്പിനു പിന്നിലെന്ന അന്വേഷണത്തിലാണ്.
ഡിവൈഎസ്പി ജയരാജിന്റെ നിർദേശനുസരണം സിഐ വിശാൽ കെ. ജോണ്സൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ, സിപിഒമാരായ സി.കെ. മീരാൻ, കെ.എ. നവാസ്, പി.എ. ഷമീർ എന്നിവരടങ്ങിയതായിരുന്നു അന്വേഷണ സംഘം.