കോഴിക്കോട്: റിയാദ് ജയിലിലെ പതിനെട്ടു വര്‍ഷത്തെ തടവുജീവിതത്തിനുശേഷം കോഴിക്കോട് ഫറോക്കിലെ അബ്ദുള്‍റഹിം ഇനി സ്വാതന്ത്യ്രത്തിന്റെ വിഹായസിലേക്ക്. കോടമ്പുഴ സീനത്ത് മന്‍സിലില്‍ അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയതോടെയാണ് റഹീമിന് പുതിയ പുലരി പിറക്കുന്നത്.
34 കോടി രൂപയുടെ ദയാധനം സ്വീകരിച്ച് റഹീമിനു മാപ്പുനല്‍കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ ഇന്നലെ കോടതിയില്‍ നേരിട്ടെത്തി അറിയിച്ചതോടെയാണ് കോടതി വിധിയുണ്ടായത്. വെര്‍ച്വല്‍ സംവിധനത്തിലൂടെ റഹീമിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
റഹീമിന്റെ അഭിഭാഷകന് അബുഫൈസല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂര്‍, സൗദി കുടുംബത്തിന്റെ അഭിഭാഷകരായ മുഹമ്മദ് മബാറക് അല്‍ അഹ്സാനി, അബു അനസ് എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
ഇന്ത്യൻ എംബസി മുഖേനെ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും.
2006 നവംബറിൽ സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി മരിച്ച കേസിലാണ് അബ്ദുൾ റഹീമിന് വധശിക്ഷ ലഭിച്ചത്. കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്.
കാർ യാത്രയ്ക്കിടെ അബ്ദുൾറഹ്മാന്റെ കൈ അബദ്ധത്തിൽ തട്ടി ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് അനസ് മരിക്കുകയായിരുന്നുവെന്ന് അബ്ദുൾറഹീം മോചന ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അനസിനെ പരിചരിക്കുന്ന ചുമതല ഹൗസ് ഡ്രൈവറായ അബ്ദുൾറഹീമിനായിരുന്നു.