ഹൗറ: മോഷണശ്രമം ചെറുക്കുന്നതിനിടെ ജാർഖണ്ഡ് സ്വദേശിനിയായ നടി റിയാകുമാരി ബംഗാളിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഹൗറ ജില്ലയിലായിരുന്നു സംഭവം.
സിനിമാ നിർമാതാവായ ഭർത്താവ് പ്രകാശ്കുമാറിനും രണ്ടു വയസുള്ള മകൾക്കും ഒപ്പം കാറിൽ കോൽക്കത്തയിലേക്കു പോകവേയായിരുന്നു ആക്രമണമുണ്ടായത്.
ഇന്നലെ രാവിലെ ആറോടെ മനീഷ്രേഖയ്ക്കു സമീപമെത്തിയപ്പോൾ പ്രകാശ്കുമാർ കാറിൽനിന്നിറങ്ങി. ഈ സമയം മൂന്ന് അക്രമികൾ പ്രകാശ്കുമാറിന്റെ പക്കലുണ്ടായിരുന്ന സാധനങ്ങൾ അപഹരി ക്കാൻ ശ്രമിച്ചു.
ഇതുകണ്ട് റിയാകുമാരി ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കവേ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണശേഷം രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
ബംഗാളിയിലാണ് അക്രമികൾ സംസാരിച്ചിരുന്നത്. ആക്രമണം നടന്ന സ്ഥലം വിജനമായിരുന്നു. വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ ഭാര്യയെയുംകൊണ്ട് പ്രകാശ്കുമാർ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴാണു ചില നാട്ടുകാരെ കണ്ടത്.
ഇവരുടെ സഹായത്താൽ റിയാകുമാരിയെ ഉലുബെറിയ എസ്സിസി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.