ചെറുതോണി: അപ്രതീക്ഷിത വിയോഗത്തിലൂടെ നാടിന്റെ നൊന്പരമായി മാറിയ റിയയ്ക്ക് ജന്മനാട് ഇന്നു വിടനൽകും.
ബസ് കാത്തുനിൽക്കുമ്പോൾ വാഹനമിടിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രകാശ് പട്ടരുകണ്ടത്തിൽ ആന്റണി(റെജി)യുടെയും ബിനുവിന്റെയും മകൾ റിയ(18) മംഗലാപുരത്തു സ്വകാര്യാശുപത്രിയിൽ തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയത്.
മംഗലാപുരത്തു സ്വകാര്യ നഴ്സിംഗ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ആറിനു കോളജിൽ ഓണാഘോഷങ്ങൾക്കു ശേഷം വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടത്തിൽ റിയയ്ക്കു ഗുരുതര പരിക്കേറ്റത്.
തലയ്ക്കു പരിക്കേറ്റ റിയ മംഗലാപുരം യേനപ്പോയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു റിയ. മൂന്നു മാസം മുൻപാണു പ്രകാശിലുള്ള വീട്ടിൽ വന്നുപോയത്.
ഓണത്തിനു വരാമെന്നു പറഞ്ഞു യാത്ര പറഞ്ഞിറങ്ങിയ റിയയുടെ ചേതനയറ്റ മൃതദേഹം വീട്ടിലെത്തിയപ്പോൾ വാവിട്ടു കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർക്കു വാക്കുകളില്ലായിരുന്നു.
റിയ ബസ് കാത്തുനിന്ന റോഡിൽ ചിലർ ബൈക്ക് റേസ് നടത്തുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയും കാർ റിയയുടെ ദേഹത്തുതട്ടി നിലത്തു വീണു തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നാണ് അവിടെനിന്നു ലഭിക്കുന്ന വിവരം.
ഇന്നലെ വൈകുന്നേരം വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കു കാണാൻ ഇരുട്ടും മഴയും വകവയ്ക്കാതെ ജനങ്ങൾ ഒഴുകിയെത്തി.
ഏക സഹോദരിയുടെ മൃതദേഹം കണ്ട് വാവിട്ടു കരയുന്ന സഹോദരൻ റോജിനെയും മാതാപിതാക്കളെയും ആശ്വസിപ്പിക്കാൻ ആവുമായിരുന്നില്ല.
റിയയുടെ മൃതദേഹം ഇന്നു വൈകുന്നേരം നാലിനു കിളിയാർകണ്ടം ഹോളി ഫാമിലി പള്ളിയിൽ സംസ്കരിക്കും.