കണ്ണൂര്‍ മട്ടന്നൂരില്‍ രാഷ്ട്രീയ എതിരാളികള്‍ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ സുഹൃത്തിന്റെ വാക്കുകള്‍ മലയാളത്തിന് നൊമ്പരമാകുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷവും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് എന്തെങ്കിലും പറ്റിയോ എന്ന ആധിയായിരുന്നു ഷുഹൈബിനെന്ന് വെട്ടേല്‍ക്കുന്ന സമയത്തും മരണസമയത്തും ഒപ്പമുണ്ടായിരുന്ന റിയാസ് പറയുന്നു. ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റിയാസ് പറയുന്നതിങ്ങനെ-
അന്ന് സംഭവദിവസം മട്ടന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി കാറില്‍ പെട്രോള്‍ അടിക്കുന്നതിനായി ചാലോടില്‍ പോയിരുന്നു. എന്നാല്‍ പെട്രോള്‍ കിട്ടാതിരുന്നപ്പോള്‍ എടയന്നൂരിലേക്ക് തിരിച്ചു വരുകയും ചെയ്തു.
ശേഷം സമയം വൈകിയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാതെ വീട്ടിലേക്കു പോകാന്‍ തുടങ്ങിയപ്പോഴാണ് ചായ കുടിച്ചിട്ട് പോകാമെന്ന് ഷുഹൈബ് പറഞ്ഞത്. തുടര്‍ന്ന് ചായ കുടിക്കുന്നതിനായി തട്ടുകടയില്‍ പോയി. ചായ കുടിച്ച് പൈസ കൊടുക്കുന്നതിനായി കാത്തുനിന്നപ്പോഴാണ് കടയുടെ മുന്നില്‍ അതിവേഗത്തില്‍ രജിസ്ട്രേഷന് കഴിയാത്ത ഒരു വെള്ള വാഗണര്‍ നിര്‍ത്തുകയും കുറച്ച് മുന്നോട്ട് പോകുകയും ചെയ്തു.
ഷുഹൈബെ ഇതൊരു ക്വാട്ടേഷനാണല്ലോ എന്ന് ഞാന്‍ തമാശയായി പറഞ്ഞിരുന്നു. അതവന് ചിരിച്ചു തള്ളുകയാണുണ്ടായത്. തുടര്‍ന്ന് ചായക്കടയുടെ മുന്നിലെ റോഡിലേക്ക് ബോംബെറിയുകയും കാറില്‍നിന്നും നാലുപേര്‍ വാളുമായി എത്തുകയും ഇതില്‍ മൂന്നുപേര്‍ ഷുഹൈബിനെ വെട്ടുകയായിരുന്നു.
ശേഷം ഷുഹൈബുമായി ഷിഫ്റ്റില്‍ കാറില്‍ ആശുപത്രിയിലേക്ക് പോയി. രക്തം വാര്‍ന്നൊഴുകുകയായിരുന്നു. വെട്ടിനുറുക്കിയ കാലുകള്‍ മാംസപിണ്ഡമായി കിടപ്പുണ്ട്. ജീവന് തിരിച്ചു കിട്ടിയാലും ആ കാലുകള്‍ മടക്കി കിട്ടില്ലെന്ന് അറിയാമായിരുന്നു.
‘നിങ്ങക്കെന്തെങ്കിലും പറ്റിയോ റിയാസ്ക്ക, കാലില്ലാത്ത എനിക്കിനി ജീവിക്കണന്നില്ല’- കൊലപ്പെടുത്തണം എന്ന വ്യക്തമായ ഉദ്ദേശത്തോടുകൂടി 37 വെട്ട് വെട്ടി നിഷ്ടൂരം കൊലപ്പെടുത്തിയ ഷുഹൈബിന്റെ അവസാന വാക്കുകളായിരുന്നു ഇത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട തന്റെ കൂട്ടുകാരന് ഷുഹൈബ് അവസാനമായി തന്നോട് പറഞ്ഞ വാക്കുകള്‍ ഞെട്ടലോടെ ഓര്‍ത്തെടുക്കുകയാണ് റിയാസ്. സംഭവം നടന്ന ദിവസം ശുഹൈബിന്റെ കൂടെ ഉണ്ടായിരുന്ന മൂന്നുപേരില്‍ ഒരാളാണ് റിയാസ്.
നാട്ടിലെ ഒരു നിര്‍ധനകുടുംബത്തിന് വൃക്ക നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ഷുഹൈബിന് ജീവന് നഷ്ടപ്പെട്ടത്. നാട്ടിലെ നിര്‍ധന കുടുംബാംഗത്തിനു വൃക്ക നല്കാന് തയാറെടുത്തിരിക്കുകയായിരുന്നു ഷുഹൈബ് എന്നും സുഹൃത്തുക്കള്‍ പറഞ്ഞു. വൃക്ക കൊടുത്തുകഴിഞ്ഞാലും ആ വിവരം ആരെയും അറിയിക്കരുതെന്നും ഷുഹൈബ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു ഷുഹൈബ്. കീഴല്ലൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥിനി ആര്യയ്ക്ക് എന്‍ജിനീയറിംഗ് പഠനത്തിനു സഹായം ചെയ്തതും ആര്യയുടെ അമ്മയ്ക്കു സൗജന്യ ചികിത്സാസൗകര്യമൊരുക്കിയതും ഷുഹൈബാണ്.
കാനാട്ടെ ദേവകിയമ്മയ്ക്കു വീടു നിര്‍മിക്കാനും മുന്‍കയ്യെടുത്തു. വീടിന്റെ 80% പണി പൂര്‍ത്തിയായി. എടയന്നൂര്‍ എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന 42 വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പാഠപുസ്തകം, കുട, ബാഗ് തുടങ്ങിയവ നല്കാന് നേതൃത്വംനല്കി.
മേഖലയിലെ അറുന്നൂറോളം രക്തദാതാക്കളുടെ പട്ടിക ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, എടയന്നൂരില്‍ രോഗിയായ സക്കീനയും മൂന്നു മക്കളും ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നതറിഞ്ഞാണു ഷുഹൈബ് സഹായത്തിനെത്തിയത്.
ഈ കുടുംബത്തിന് ഒരു മാസത്തേക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുത്ത്, അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അതേ ദിവസമാണു ഷുഹൈബ് കൊല്ലപ്പെട്ടത്.