കേരളത്തിൽ പുതുവത്സരദിനത്തിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എൻഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്റെ മൊഴി. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന റാഷിദാണ് ഇതിന് പ്രേരണ നൽകിയത്. സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ഇവർ നിർദേശിച്ചിരുന്നുവെന്നും റിയാസ് ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന് എൻഐഎ അറിയിച്ചു. കാസർഗോഡ് നിന്ന് അഫ്ഗാനിലേക്കു കടന്ന റാഷിദ് ഇപ്പോൾ ഭീകരർക്കൊപ്പമാണെന്നാണു വിവരം.
അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽനിന്നാണ് ഭീകരാക്രമണത്തിന് നിർദേശം ലഭിച്ചതെന്നാണു റിയാസിന്റെ മൊഴി. കൊച്ചിയടക്കമുള്ള നഗരങ്ങളെ ലക്ഷ്യംവച്ചെങ്കിലും ഒപ്പമുള്ളവർ പിന്തുണച്ചില്ലെന്നു റിയാസ് പറഞ്ഞു. വിനോദസഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. താൻ ഇതിനുവേണ്ട കാര്യങ്ങൾ ഒരുക്കിവരികയായിരുന്നുവെന്നും റിയാസ് പറഞ്ഞു.
ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങൾ പിന്തുടരുന്നയാളാണ് റിയാസെന്ന് പരിശോധനയിൽ വ്യക്തമായി. ഇയാളെ ചൊവ്വാഴ്ച കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ടുപേരെയും ചോദ്യംചെയ്തുവരികയാണ്.
അതേസമയം, ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ടു കാസർഗോട്ടും പാലക്കാട്ടും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി കസ്റ്റഡിയിൽ എടുത്തവർക്ക് സ്ഫോടനവുമായി നേരിട്ടു ബന്ധമില്ലെന്നാണ് നിഗമനം. ഇവർ ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ സഹ്റാൻ ഹാഷിമിന്റെ ആശയങ്ങൾ പ്രചാരിപ്പിക്കുകയാണ് ചെയ്തതെന്ന് എൻഐഎ അറിയിച്ചു.
കാസർഗോഡ് നായ·ാർമൂല സ്വദേശി അബൂബക്കർ സിദ്ദിഖ്, മധൂർ കാളിയങ്കാട് സ്വദേശി അഹമ്മദ് അറാഫാത്ത് എന്നിവരുടെ വീടുകളിലാണു പരിശോധന നടത്തിയത്. ഇവരുടെ വീടുകളിൽനിന്നു മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ, മലയാളത്തിലും അറബിയിലും എഴുതപ്പെട്ട ഡയറികൾ, വിവാദ മതപ്രഭാഷകൻ സക്കീർ നായികിന്റെ പ്രസംഗങ്ങളുടെ ഡിവിഡികൾ, സക്കീർ നായികും സയ്യിദ് കുത്തബും രചിച്ച പുസ്തകങ്ങൾ എന്നിവ കണ്ടെടുത്തു.
അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു. ഐഎസ് അനുകൂല പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
സഹ്റാൻ ഹാഷിം കേരളത്തിൽ പലതവണ എത്തിയിട്ടുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പോലീസിനു പോലും റെയ്ഡ് സംബന്ധമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു.