കോഴിക്കോട്: കാസര്‍ഗോട്ടെ മദ്രസാ അധ്യാപകന് റിയാസ് മൗലവിയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ പോലീസിനും പ്രോസിക്യൂഷനും അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധി ഞെട്ടിക്കുന്നതാണെന്നും കുടുംബത്തിനു നീതികിട്ടാന്‍ നിയമത്തിന്റെ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് കുടക് സ്വദേശിയായ മദ്രസ അധ്യപകാന് താമസസ്ഥലത്തുവച്ച് കൊല്ലപ്പെട്ടത്. കാസര്‍കോട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നുതന്നെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഏറെ ജാഗ്രതയോടെ അന്വേഷണം നടന്നു.
96 മണിക്കൂര്‍ കൊണ്ട് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. മാത്രമല്ല 2017 മാര്‍ച്ച് 23 മുതല്‍ ഏഴു വര്‍ഷം ഏഴുദിവസം പ്രതികള്‍ വിചാരണ തടവുകാരായി കിടന്നു. ഇതിന് ഇടയാക്കിയത് ശക്തമായ പോലീസ് നിലപാടാണ്. നിശ്ചിത സമയത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പല ഘട്ടങ്ങളില്‍ പ്രതികള്‍ ജാമ്യത്തിനു ശ്രമിച്ചു. എന്നാല്‍ ജാമ്യം കിട്ടിയില്ല.
കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. എ. അശോകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മതസ്പര്‍ധ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനു സര്‍ക്കാര്‍ അനുമതി നല്കി. 97 സാക്ഷിളെയും 325 രേഖകളും കോടതിയില്‍ ഹാജരാക്കി. 87 സാഹചര്യത്തെളിവുകളും 124 മേല്‍ക്കോടതി ഉത്തരവുകളും ഹാജരാക്കി.
2019-ല്‍ വിചാരണ തുടങ്ങി. 2023 മേയില്‍ അഡ്വ. അശോകന് മരിച്ചപ്പോള്‍ അഡ്വ. ടി. ഷാജിത്തിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. അന്വേഷണത്തിലൂം വിചാരണയിലും സുതാര്യതയും സത്യസന്ധതയുമാണ് സര്‍ക്കാര്‍ പുലര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും ഒരു പരാതിയും ഉയര്‍ന്നിരുന്നില്ല. അര്‍പ്പണബോധത്തോടെ നല്ല രീതിയിലാണ് കേസ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.