കൊച്ചി: റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെവിട്ട കാസര്‍ഗോഡ് സെഷന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവായി.
പ്രതിയാക്കപ്പെട്ട മൂന്നുപേരും പത്തു ദിവസത്തിനകം കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നും 50,000 രൂപയും രണ്ട് ആള്‍ജാമ്യവും ബോണ്ടായി നല്‍കണമെന്നും അല്ലാത്തപക്ഷം വിചാരണക്കോടതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കൂടാതെ, പ്രതികളാക്കപ്പെട്ടവര്‍ അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയുടെ പരിധി വിട്ടുപോകുന്നില്ലെന്ന് സെഷന്‍സ് ജഡ്ജി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ വെറുതെ വിട്ട മാര്‍ച്ച് 30 ലെ ഉത്തരവ് ചോദ്യം ചെയ്താണു ഹര്‍ജി. മതസ്പര്‍ധയുടെ ഭാഗമായി 2017 മാര്‍ച്ച് 20ന് മഥൂര്‍ മുഹിയുദ്ദീന് പള്ളിയില്‍ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണു കേസ്.
പ്രതികള്‍ കുറ്റകൃത്യം നടത്തിയെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കിയിരുന്നതായി ഹർജിയിൽ പറയുന്നു. 97 സാക്ഷികളെ വിസ്തരിക്കുകയും 375 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രതികളുടെ ഉദ്ദേശ്യം, കുറ്റകൃത്യസമയത്തും തുടർന്നും പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷികളുടെ മൊഴികള്‍, കോടതിയിലും തിരിച്ചറിയല്‍ പരേഡിലൂടെയുമുള്ള തിരിച്ചറിയല്‍ വിശദാംശങ്ങള്‍, പ്രതികളും റിയാസ് മൗലവിയും ധരിച്ച വസ്ത്രങ്ങള്‍, ഒന്നാം പ്രതി കൊലയ്ക്കുപയോഗിച്ച കത്തി, വസ്ത്രങ്ങളുടെയും കത്തിയുടെയും ഉള്‍പ്പെടെ മറ്റു തൊണ്ടിവസ്തുക്കളുടെ ഡിഎന്‍എ പരിശോധനാഫലം, പ്രതിയുടെയും മൗലവിയുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ എന്നിവയെല്ലാം സമര്‍പ്പിച്ചിരുന്നു.
ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും തെറ്റായ വിശകലനത്തിന്റെ ഫലമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.