ദുബായ്: 2015 ഏകദിന ലോകകപ്പ് ക്വാർട്ടർഫൈനലിൽ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സണെ വിറപ്പിച്ച ബൗൺസറുകളുമായി ആരാധകമനസിൽ ചിരപ്രതിഷ്ഠ നേടിയ പാക്കിസ്ഥാൻ പേസർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
15 വർഷം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറിന് ഇന്ന് അവസാനം കുറിക്കുകയാണെന്ന് റിയാസ് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ ടി-20 ഫ്രാഞ്ചൈസ് ലീഗുകളിൽ പോരാട്ടം തുടരുമെന്ന് താരം വ്യക്തമാക്കി.
27 ടെസ്റ്റ് മത്സരങ്ങളിലും 91 ഏകദിനങ്ങളിലും 36 ടി-20 മത്സരങ്ങളിലും ദേശീയകുപ്പായം അണിഞ്ഞ റിയാസ് ഈ പോരാട്ടങ്ങളിൽ യഥാക്രമം 83, 120, 34 വിക്കറ്റുകൾ നേടിയിട്ടുണ്ട്.