പ്രശസ്ത ബംഗാളി താരം സുചിത്ര സെന്നിന്റെ കൊച്ചുമകളാണ് റിയ സെൻ. അമ്മ മൂൺമൂൺ സെന്നും സഹോദരി റെയ്മ സെന്നും അഭിനേതാക്കൾ. ചലച്ചിത്ര താരങ്ങളുടെ കുടുംബത്തിൽ നിന്നു വന്ന റിയ കുട്ടിക്കാലത്തു തന്നെ അഭിനയരംഗത്തെത്തി.
1991ൽ വിഷകന്യ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. 1999ൽ സംവിധായകൻ ഭാരതിരാജയുടെ തമിഴ് റൊമാന്റിക് ചിത്രം താജ് മഹലിലൂടെ റിയ നായികാ വേഷത്തിലെത്തി.
പിന്നീട് ഹിന്ദിയിലും ബംഗാളിയിലും തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു. മലയാളത്തിൽ അനന്തഭദ്രം എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.
തന്റെ അഭിനയജീവിതത്തിൽ തന്നെ അലോസരപ്പെടുത്തിയ ഒരു കാര്യത്തെക്കുറിച്ച് ഇപ്പോൾ മനസു തുറക്കുകയാണ് റിയ. വളരെ ചെറിയ പ്രായം മുതലേ സെക്സി എന്ന് തന്നെ വിശേഷിപ്പിച്ചിരുന്നത് അലോസരപ്പെടുത്തിയിരുന്നെന്നാണ് നടി പറയുന്നത്.
പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് റിയ മനസു തുറന്നത്. ഹിന്ദി ചിത്രങ്ങളിലും വീഡിയോ ഗാനങ്ങളിലും സെക്സി രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിരുന്നു. സെക്സി എന്ന വിശേഷണം കിട്ടിയതോടെ ഹിന്ദി സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചെന്നും താരം പറയുന്നു.
വസ്ത്രങ്ങളും മേക്കപ്പും കൊണ്ട് സെക്സിയായ പല റോളുകളുമാണ് ചെയ്തിരുന്നതെന്നും ആ വേഷങ്ങൾ കണ്ട് പലരും താനൊരു മോശം നടിയാണെന്ന് ചിന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും താരം പറയുന്നു.
തന്റെ പല വിജയചിത്രങ്ങളിലെയും വേഷങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എന്നാൽ ബംഗാളി ചിത്രങ്ങളിൽ തനിക്ക് മികച്ച വേഷങ്ങൾ ലഭിച്ചിരുന്നെന്നും റിയ പറഞ്ഞു.