കോട്ടയം: കോവിഡ് ഭീഷണിയിലും മലയാള സിനിമയ്ക്കു കരുത്തായി നിന്ന സംവിധായകൻ ഇപ്പോൾ ജീവിക്കാനായി സോമാറ്റോയിൽ ഭക്ഷണമെത്തിക്കുന്ന ജോലി ചെയ്യുന്നു. കോട്ടയം സംക്രാന്തി സ്വദേശി റിയാസ് മുഹമ്മദാണ് സിനിമയേക്കാൾ സിനിമാറ്റിക്കായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത്.
റിയാസ് ആദ്യമായി സംവിധാനം ചെയ്ത “അമീറ’ പ്രദർശനത്തിനെത്തുന്ന വേളയിലാണ് പുതിയ വെല്ലുവിളികളെ തരണം ചെയ്തുള്ള ജീവിതയാത്ര.
കോവിഡ് കാലത്ത് മലയാള സിനിമ നിശ്ചലമായ സമയത്ത് ധൈര്യപൂർവം മുന്നോട്ടിറങ്ങി പൂർണമായും ഒൗട്ട്ഡോറിൽ ഷൂട്ട് ചെയ്തു സിനിമ ഒരുക്കിയ സംവിധായകനാണ് ഇപ്പോൾ സംവിധാന തൊപ്പിയിൽ നിന്നു സൊമാറ്റോയുടെ തൊപ്പിയണിഞ്ഞിരിക്കുന്നത്.
നിരവധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച റിയാസ് കുറച്ചു നാളായി തന്റെ ആദ്യ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.
കാലങ്ങളായി സിനിമയുടെ പിന്നാലെ നടന്നപ്പോൾ സാന്പത്തികമായുള്ള നേട്ടത്തെക്കുറിച്ച് ഈ കലാകാരൻ ചന്തിച്ചിരുന്നില്ല.
മാസങ്ങൾക്കു മുന്പ് തന്റെ പിതാവിനു പെട്ടെന്നു ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ തന്റെ മൊബൈൽ ഫോണും ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും വരെ പണയം വച്ച് പണം കണ്ടെത്തിയ സന്ദർഭമാണു മാറി ചിന്തിക്കാൻ കാരണമായതെന്നു റിയാസ് പറയുന്നു.
ഇപ്പോൾ സൊമാറ്റോയിൽനിന്നു പ്രതിദിനമാണെങ്കിലും ഒരു വരുമാനം ലഭിക്കുന്നുണ്ട്. എങ്കിലും സിനിമ തന്നെയാണ് ജീവവായു. ഇത് ഇപ്പോഴത്തെ നിലനിൽപ്പിനുള്ള പ്രവൃത്തി മാത്രമെന്നും റിയാസ് പറയുന്നു.
സമകാലിക ഭാരതത്തിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ മതം തീർക്കുന്ന വെല്ലുവിളികളെക്കുറിച്ചു ചർച്ച ചെയ്യുന്ന ‘അമീറ’ ഉടൻ ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് റിയാസും അണിയറ പ്രവർത്തകരും.