വാഷിംഗ്ടൺ: അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാനുള്ള ഉദ്യമത്തിൽ റിയോ ഗ്രാൻഡി നദിയിൽ മുങ്ങിമരിച്ച പിതാവിന്റെയും രണ്ടു വയസുള്ള കുട്ടിയുടെയും ചിത്രം താൻ വെറുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുട്ടിയുടെ പിതാവ് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും ട്രംപ് പറഞ്ഞു. താൻ ആ ചിത്രം കാണുന്നത് വെറുക്കുന്നു. കുട്ടിയുടെ പിതാവ് മികച്ച ആളായിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.
രണ്ടു മാസമായി മെക്സിക്കോയിലെ ക്യാന്പിൽ താമസിക്കുകയായിരുന്നു എൽസാൽവദോറുകാരനായ ഓസ്കർ ആൽബർട്ടോ മാർട്ടിനസ് റമീറസും കുടുംബ വും. നിയമാനുസൃതമായി അമേരിക്കയിൽ കടക്കാനുള്ള കാലതാമസംമൂലം നിരാശനായ റമീറസ് നദി കടന്ന് അക്കരയ്ക്കു പോകാൻ തീരുമാനിച്ചു.
ഇരുപത്തിമൂന്നു മാസം മാത്രം പ്രായമുള്ള മകൾ വലേരിയയുമായി റമീറസ്(25) നദി നീന്തിക്കടന്നു. കുഞ്ഞിനെ കരയിൽ നിർത്തിയശേഷം ഭാര്യ താനിയാ വനേസ അവലോസിനെ(21) കൂട്ടിക്കൊണ്ടുവരാനായി റമീറസ് വീണ്ടും നദിയിലേക്കിറങ്ങി.
കരയിൽ ഒറ്റയ്ക്കായ വലേരിയ പേടിച്ചരണ്ട് പിതാവിന്റെ പിറകെ നദിയിലേക്കു ചാടുകയായിരുന്നു. റമീറസ് പിന്നോട്ടു വന്ന് മകളെ കൈയിലെടുത്തെങ്കിലും രണ്ടുപേരും ഒഴുക്കിൽപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരു ടെയും മൃതദേഹങ്ങൾ ടെക്സസിലെ ബ്രൗൺസ് വില്ലിനു കുറുകെ മെക്സിക്കോയിലെ മടാമോറോസിനു സമീപം കണ്ടെത്തിയത്.
ദാരിദ്യവും തൊഴിലില്ലായ്മയും മൂലം ആയിരങ്ങളാണ് സെൻട്രൽ അമേരിക്കൻ രാജ്യങ്ങളായ എൽസാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മെക്സിക്കോയിലെത്തി അനധികൃതമായി അമേരിക്കയിൽ കുടിയേറാൻ ശ്രമിക്കുന്നത്.