സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗ്. സുശാന്തിന് റിയ ചക്രബർത്തി വിഷം നൽകുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിംഗ് പറഞ്ഞു. അന്വേഷണ ഏജൻസികൾ ഉടൻ റിയയെ അറസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്ന് പിതാവ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. നീണ്ടകാലമായി റിയ സുശാന്തിന് വിഷം നൽകി വരികയായിരുന്നു.
അവളാണ് സുശാന്തിന്റെ കൊലപാതകി. അവളെയും അവളുടെ കൂട്ടാളികളെയും അന്വേഷണ ഏജൻസി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം- കെ.കെ. സിംഗ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു.
സഹോദരന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കിർതി പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കെ.കെ. സിങും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് റജിസ്റ്റർ ചെയ്തതെന്നാണ് സൂചന. റിയയുടെ വാട്സാപ് ചാറ്റിൽ നിന്ന് ലഹരി ഉപയോഗം, കടത്ത് എന്നിവയെക്കുറിച്ച് സൂചന ലഭിച്ചതോടെയാണിത്.
ചാറ്റിൽ പരാമർശിക്കുന്ന ജയ ഷാ, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, സുശാന്തിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരെയും ചോദ്യം ചെയ്യും.
റിയയ്ക്കെതിരേയുള്ള സാന്പത്തിക കുറ്റകൃത്യക്കേസ് അന്വേഷിക്കവെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) ലഹരി ഇടപാടു സംശയങ്ങൾ സിബിഐയെയും നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയെയും അറിയിച്ചത്. സുശാന്തിന് റിയ ലഹരിമരുന്നു നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം.
അതിനിടെ, സുശാന്തിന്റെ മൃതദേഹം കാണാൻ റിയയ്ക്കു മോർച്ചറിയിൽ അനധികൃതമായി പ്രവേശനം അനുവദിച്ചതിന് കൂപ്പർ ആശുപത്രി അധികൃതർക്ക് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരെ സിബിഐ വിശദമായി ചോദ്യം ചെയ്യും. സുശാന്തിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനിയിൽ നിന്ന് തുടർച്ചയായ ആറാം ദിവസവും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചു.