കൊച്ചി: ബുള്ളറ്റിൽ ഇന്ത്യ ചുറ്റിക്കാണാനുള്ള ആകാശവാണി ജോക്കിയായ അംബിക കൃഷ്ണയുടെ യാത്ര 11ന് ആരംഭിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് ആരംഭിക്കുന്ന യാത്ര ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഫ്ളാഗ് ഓഫ് ചെയ്യും.
ഇന്ത്യയിലുടനീളമുള്ള റെയിന്‍ബോയുടെ 25 റേഡിയോ സ്റ്റേഷനിലൂടെയാണ് യാത്ര. 50 ദിവസംകൊണ്ടു യാത്ര പൂർത്തിയാക്കും.
പട്ടാളക്കാര്‍ക്കും വിധവകള്‍ക്കും വേണ്ടിയാണ് തന്റെ ഈ യാത്രയെന്ന് അംബിക വാർത്താസമ്മേളനത്തില്‍ പറഞ്ഞു.19-ാം വയസിൽ അംബികയ്ക്ക് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു.
പിന്നീടുള്ള ജീവിതയാത്ര വളരെ ക്ലേശം നിറഞ്ഞതായിരുന്നു. മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പകച്ചുനിന്നപ്പോൾ മകള്‍ ആര്യയെ നോക്കാന്‍ സഹായിച്ചത് കുറച്ചു കൂട്ടുകാരാണ്.
ചുരുങ്ങിയ കാലംകൊണ്ട് പല മേഖലകളിലും ജോലി നോക്കി. ആകാശവാണിയില്‍ എത്തിയത് ജീവിതത്തിലെ വഴിത്തിരിവായി.
ജീവിതത്തോട് പൊരുതിനേടാനുള്ള പിന്തുണ ലഭിച്ചതും ഇവിടെനിന്നുതന്നെയെന്ന് അംബിക പറയുന്നു.