പാതിരാത്രിയില്‍ അയാള്‍ വിളിച്ചു, ഫോണില്‍ കൂടി ലൈംഗികത കലര്‍ത്തി സംസാരിച്ചു, മര്യാദയ്ക്ക് നോ പറയാന്‍ പറ്റാത്തതുകൊണ്ട് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി, മീ ടൂവില്‍ കുടുങ്ങി നടന്‍ ജോണ്‍ വിജയ്

ഹോളിവുഡില്‍ തുടങ്ങി ബോളിവുഡിലൂടെ മലയാളത്തിലെത്തിയ മീ ടു ആരോപണങ്ങള്‍ ഇപ്പോള്‍ തമിഴ് സിനിമയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ആരോപണത്തില്‍ പുതിയതായി കുടുങ്ങിയിരിക്കുന്നത് നടന്‍ ജോണ്‍ വിജയ് ആണ്. ടിവി അവതാരകയാണ് ജോണിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. തന്നെ ശല്യപ്പെടുത്തി ഫോണ്‍ സെക്‌സിന് നിര്‍ബന്ധിച്ചെന്നാണ് ശ്രീരഞ്ജിനി ടി.എസ് എന്ന അവതാരക പറയുന്നത്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- ജോണ്‍ വിജയുമായി ഞാനൊരു അഭിമുഖം നടത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ഒരു അര്‍ധരാത്രിയില്‍ പൊടുന്നനെ അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. അഭിമുഖം എപ്പോഴാണ് സംപ്രേഷണം ചെയ്യുക എന്നത് അറിയിക്കാഞ്ഞതിലുള്ള ബുദ്ധിമുട്ട് അറിയിച്ചു. പാതി ഉറക്കത്തിലായിരുന്ന ഞാന്‍ പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ സംഭാഷണം തുടരാന്‍ ശ്രമിച്ചു.

ഫോണ്‍ സെക്സിനുള്ള സാധ്യതയാണ് അയാള്‍ അന്വേഷിച്ചത്. മര്യാദയോടെ നോ പറയാന്‍ പറ്റാത്ത സ്ഥിതി ആയതോടെ അയാളുടെ ഭാര്യയോട് ഇക്കാര്യം പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതോടെയാണ് അയാള്‍ അവസാനിപ്പിച്ചത്. പൊതുവേദിയിലല്ലാതെ ഞങ്ങള്‍ തമ്മില്‍ നടന്ന അവസാന സംഭാഷണമായിരുന്നു അത്. മീ ടൂ ഹാഷ്ടാഗില്‍ ശ്രീരഞ്ജിനി കുറിച്ചു.

കബാലിയുടെ ചിത്രീകരണ വേളയില്‍ സെല്‍ഫി എടുക്കാന്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ ചുംബനങ്ങള്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് അയാള്‍ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. തമാശയൊക്കെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇത്തരത്തിലുള്ള നേരമ്പോക്കുകള്‍ അവര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോണ്‍ വിജയില്‍നിന്ന് പല പെണ്‍കുട്ടികള്‍ക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts