ഹാജിപുർ: ബിഹാറിൽ ആർജെഡി നേതാവും റായിപുർ കൗൺസിലറുമായ പങ്കജ് റായിയെ അക്രമിസംഘം ഓടിച്ചിട്ടു വെടിവച്ചുകൊന്നു. ഇന്നലെ വൈകുന്നേരം ഹാജിപുരിലാണു സംഭവം
. തന്റെ വീടിനു സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലിരിക്കുകയായിരുന്ന പങ്കജിനുനേരേ മോട്ടോർ സൈക്കിളിലെത്തിയ ഗുണ്ടകൾ വെടിയുതിർക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സ്വന്തം വീട്ടിലേക്കു ഓടിക്കയറിയ റായിയെ മൂന്നംഗസംഘം പിന്തുടർന്നെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ പാർലമെന്റ് മണ്ഡലമാണ് ഹാജിപുർ. സംഭവത്തിൽ ബിഹാറിൽ വൻ പ്രതിഷേധമാണു നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും എൻഡിഎയും സ്ഥാനത്തെ ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടെന്നും സംസ്ഥാനത്ത് “ജംഗിൾ രാജ്’ ആണു നടക്കുന്നതെന്നും ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആരോപിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.