തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്കിനെ സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭൂമി ഇടപാടുകളിൽ കലാഭവൻ മണിക്കും പങ്കുണ്ടായിരുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.
മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരൻ രാമകൃഷ്ണൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സിബിഐക്ക് വിവരം നൽകിയതായും അദ്ദേഹം അറിയിച്ചു. മുന്പ് കേസ് അന്വേഷിച്ചിരുന്ന കേരള പോലീസിന് ഇതു സംബന്ധിച്ച് വിവരം നൽകിയിരുന്നെങ്കിലും ഭൂമി ഇടപാടുകൾ പരിഗണിക്കാതെയാണ് അന്വേഷണം മുന്നോട്ടുപോയതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഇടുക്കിയിലെ രാജാക്കാട്, മൂന്നാർ എന്നിവിടങ്ങളിൽ ദിലീപും മണിയും ഒന്നിച്ചു ഭൂമി ഇടപാടുകൾ നടത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചന.
മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപണമുയർത്തിയിരുന്നു. മണി മരണപ്പെട്ടതിനു ശേഷം ഒരേ ഒരു തവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നതെന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സഹായിച്ചില്ലെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.