ചാലക്കുടി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണത്തിലെ പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടും നാലു ദിവസമായി നിരാഹാരസമരം നടത്തുന്ന മണിയുടെ സഹോദര ൻ ആർ.എൽ. വി.രാമകൃഷ്ണ നെ ആരോഗ്യനില വഷളായതിനെതുടർന്ന് പോലീസ് ആശുപത്രിയിലേക്കു മാറ്റി.
ഡോക്ടർ പരിശോധിക്കുകയും ആരോഗ്യനില മോശമായതിനാൽ ആശുപത്രിയിലേക്കു മാറ്റാൻ അഭിപ്രായപ്പെടുകയും ചെയ്തതിനെതുടർന്ന് എസ് ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ രാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാമൻ മെമ്മോറിയൽ കലാഗൃഹത്തിൽ തടിച്ചുകൂടിയിരുന്ന വിവിധ സംഘടനകളിലെ പ്രവർത്തകരും കുടുംബാംഗങ്ങളും എതിർത്തു.
ബി.ഡി.ദേവസി എംഎൽഎയും ഇന്നസെന്റ് എംപിയും സ്ഥലത്തെത്തി രാമകൃഷ്ണനുമായി സംസാരിക്കാതെ ഇവിടെനിന്നും ആശുപത്രിയിലേക്കു മാറ്റാൻ സമ്മതിക്കുകയില്ലെന്നു പ്രവർത്തകരും കുടുംബാംഗങ്ങളും പോലീസിനെ അറിയിച്ചു.
പിന്നീട് കുടുംബാംഗങ്ങളുമായി പോലീസ് ചർച്ച നടത്തിയശേഷം രാമകൃഷ്ണനെ ആംബുലൻസിൽ കയറ്റി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
വൈദ്യശുശ്രൂഷകൾ നല്കുന്നുണ്ടെങ്കിലും രാമകൃഷ്ണൻ നിരാഹാരം തുടരുകയാണ്.രാമകൃഷ്ണനെ ആശുപത്രിയിലേക്കു മാറ്റിയതിനെതുടർന്ന് കലാഭവൻ മണിയുടെ സഹോദരി കെ.ആർ.ശാന്തയും ശാന്തയുടെ മകനും മിമിക്രി ആർട്ടിസ്റ്റുമായ രഞ്ജിത്തും നിരാഹാരസമരം ആരംഭിച്ചു. നാളെ സമുദായസംഘടനകൾ ചാലക്കുടിയിൽ വൻ പ്രതിഷേധറാലി സംഘടിപ്പിച്ചിട്ടുണ്ട്.
കലാഭവൻ മണിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യയുടെ ഹർജി
കൊച്ചി: കലാഭവൻ മണിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മി ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നൽകിയ ഹർജിയിൽ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് അന്വേഷണം സർക്കാർ സിബിഐക്കു വിട്ടതെന്ന് നിമ്മിയുടെ ഹർജിയിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണം ഏറ്റെടുത്തില്ല. പോലീസ് തന്നെയാണ് കേസന്വേഷിച്ചതെന്നും നിമ്മി വ്യക്തമാക്കുന്നു.