മാറഞ്ചേരി: സ്കൂളിൽ റാഗിംഗ് ചോദ്യം ചെയ്യാൻ പുറത്തു നിന്നെത്തിയ സംഘവും വിദ്യാർഥികളും തമ്മിൽ സംഘർഷം.
മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്കൂളിലാണ് സംഭവം.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥികളെ മർദിച്ചിരുന്നു. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദനം.
വെളിയങ്കോട്ടു നിന്നുള്ള ഒന്നാം വർഷ വിദ്യാർഥികൾക്ക് മർദനത്തിൽ പരിക്കേറ്റതിനു പകരം ചോദിക്കാനാണ് ബന്ധുക്കളെന്നു പറഞ്ഞു ആറോളം പേർ സ്കൂളിലെത്തിയത്.
ഇവർ സ്കൂളിലെത്തി അധ്യാപകരുമായി സംസാരിക്കുന്നതിനിടയിൽ ഒരു വിഭാഗം ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു.
ഇതു സ്കൂളിൽ കൂട്ടയടിക്ക് വഴിവച്ചു. അധ്യാപകർ പോലീസിൽ പരാതി നൽകി.
വിദ്യാർഥികൾ തന്നെ ചിത്രീകരിച്ച വിഡിയോകളിൽ മർദിച്ച വിദ്യാർഥികളെയും പുറത്തുനിന്നു വന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം പൊന്നാനി സ്റ്റാൻഡിലും വിദ്യാർഥികൾ തമ്മിൽ അടി നടന്നിരുന്നു. നാട്ടുകാർ ഇടപെടുകയായിരുന്നു.
കുണ്ടുകടവ് ജംഗ്ഷനിൽ ദിവസവുമെന്നോണം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകാറുണ്ട്.