കോഴിക്കോട്: വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ മത്സരിപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെതിരേ കെ.മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്.
മുല്ലപ്പള്ളിയുടെ നിലപാടിനോട് ആര്‍എംപിയും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ ആര്‍എംപി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കണ്ണുനട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തെ പൂര്‍ണമായും അവഗണിക്കുന്ന പക്ഷം ആര്‍എംപിയുമായുള്ള സഖ്യം തുടരുന്ന കാര്യത്തെക്കുറിച്ചും ആലോചിക്കും.
ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നാണ് രമ വ്യക്തമാക്കിയത്. സംസ്ഥാന കമ്മിറ്റിയില്‍ വേണുവിനെ വടകരയില്‍ മത്സരിപ്പിക്കണമെന്ന് കെ.കെ.രമ തന്നെ ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റിയും ഈ തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍ വേണുവിനെ മത്സരിപ്പിക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വം യോജിച്ചില്ല.
സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മറ്റിയുമെല്ലാം കെ.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനിച്ചത്. ഇന്നലെ ഇക്കാര്യം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
അതേസമയം രമ തന്നെ മത്സരിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരേ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക സഖ്യമുണ്ടാക്കിയാല്‍ അവിടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടികളാണ്.
ഘടകകക്ഷിയുടെ സ്ഥാനാര്‍ഥിയെ കൂടി മുന്നണിയിലെ മറ്റൊരു കക്ഷി തീരുമാനിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കെ.കെ.രമയെ വടകരയില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ കണക്കുകൂട്ടുന്നത്.
ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം സിപിഎമ്മിന് നല്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ആര്‍എംപിയുമായുള്ള സഖ്യവും രമയുടെ സ്ഥാനാര്‍ഥിത്വവും യുഡിഎഫിന് ഗുണം ചെയ്യും. കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള പൂര്‍ണ അധികാരം ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്.
അതിനാല്‍ മുല്ലപ്പള്ളിയുടെ തീരുമാനം ഇവിടെ നിര്‍ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് ആര്‍എംപി മുഖവിലക്കെടുത്തിട്ടില്ല. ഇതോടെ വടകര തര്‍ക്ക ഭൂമിയായി തുടരും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിഎസ് നേതാവ് സി.കെ. നാണുവാണ് വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
സി.കെ. നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും നേടിയപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ഥിയായ രമയ്ക്ക് 20,504 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ പിന്തുണയുണ്ടെങ്കില്‍ ഇത്തവണ വടകര സീറ്റ് പിടിച്ചെടുക്കാനാവുമെന്നാണ് ആര്‍എംപി കരുതുന്നത്.