വടകര: ടിപി കേസ് പ്രതികളുടെ ചട്ടവിരുദ്ധ പരോളും ജയിലുകളിലെ വിഐപി പരിഗണനയും സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ആവശ്യപ്പെട്ടു.
വധക്കേസ് പ്രതികൾക്ക് പരോളും സുഖചികിത്സയും അനുവദിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും പ്രത്യേക താൽപര്യ പ്രകാരമാണ് എന്നത് പകൽപോലെ വ്യക്തമാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടിയുമായി ആർഎംപിഐ മുന്നോട്ട് പോവും.
അടിയന്തിര പരോളിൽ ഇറങ്ങിയ കുഞ്ഞനന്തൻ സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്ത വാർത്ത തെളിവ് സഹിതം പുറത്ത് വന്നത് നിയമസഭയിൽ പ്രതിപക്ഷം പ്രമേയമായി അവതരിച്ചപ്പോൾ ഈ സർക്കാർ കൊലയാളികൾക്കൊപ്പമാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോടതി ശിക്ഷിച്ച ടിപി കേസ് പ്രതികൾക്ക് മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം ലഭിക്കുന്നത് ജുഡീഷ്യറിയോടുള്ള വെല്ലുവിളികൂടിയാണ്.
ടിപി വധ ഗൂഡാലോചനയിൽ ഉന്നത സിപിഎം നേതാക്കൾക്ക് പങ്കുള്ളത് കൊണ്ടാണ് ഒരു ഘട്ടത്തിൽ നിയമവും ചട്ടങ്ങളും മറികടന്ന് കൊണ്ട് പ്രതികളെ വിട്ടയക്കാൻ ഗവർണറോട് പിണറായി സർക്കാർ ശുപാർശ ചെയ്തത്. ഗവർണറുടെ നീതി പൂർവമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് തൽക്കാലത്തേക്ക് സർക്കാർ പുറകോട്ട് പോയത്.
അതിനാൽ ടിപി കേസ് പ്രതികളോട് പിണറായി സർക്കാർ കാണിക്കുന്ന വിധേയത്വം പൊതു സമൂഹത്തോട് തുറന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്ന് വേണു പ്രസ്താവനയിൽ വ്യക്തമാക്കി.