വടകര: ഒഞ്ചിയത്തും പരിസരത്തും ആർഎംപിഐ പ്രവർത്തകർക്കും വാഹനങ്ങൾക്കും സ്തൂപങ്ങൾക്കും ഓഫീസുകൾക്കും നേരെ നിരന്തരം അക്രമങ്ങൾ നടക്കുന്പോൾ പോലീസ് നിഷ്ക്രിയമാവുന്നതിൽ പ്രതിഷേധിച്ച് ചോന്പാല പോലീസ് സ്റ്റേഷനിലേക്ക് ആർഎംപിഐ മാർച്ച് നടത്തി.
ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു മാർച്ച് ഉദ്ഘാടനം ചെയ്തു. പോലീസിന്റെ മൗനാനുവാദത്തോടെയാണ് ക്രിമിനലുകൾ അക്രമണം നടത്തുന്നതെന്നു വേണു പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലെത്തിയതുമുതൽ ഒഞ്ചിയത്ത് ആർഎപിഐ പ്രവർത്തകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഒരു കേസിൽപോലും പ്രതികളെ പിടികൂടിയിട്ടില്ല. അക്രമികളെ കുറിച്ച് വിവരം നൽകിയിട്ടുകൂടി പൊലിസ് ഇവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാവുന്നില്ല.
ഇതാണ് വീണ്ടും ഇത്തരം അതിക്രമങ്ങൾതുടരാൻ കാരണം. ഇത്തരം ഏകപക്ഷീയ ആക്രമണങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ മുഴുവൻ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ബഹുജനങ്ങളെയും അണിനിരത്തി പ്രതിരോധ നിര തീർക്കുമെന്നും വേണു പറഞ്ഞു. കെ.എസ്.ഹരിഹരൻ, കെ.കെ.രമ, സി.കെ.വിശ്വനാഥൻ, അൻവർ ഹാജി, പുത്തലത്ത് പ്രദീപൻ, കെ.പി.പ്രകാശൻ, കെ.ചന്ദ്രൻ, ടി.കെ.സിബി എന്നിവർ പ്രസംഗിച്ചു.