വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സർക്കാർ പരിപാടികളിൽ ആർഎംപിഐയെ ഒറ്റപ്പെടുത്തുന്നതായി ആക്ഷേപം. സി.കെ.നാണു. എംഎൽഎയാണ് ഇത്തരം നീക്കത്തിന് പിന്നിലെന്ന് ആർഎംപിഐ ആരോപിച്ചു.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ വളപ്പിൽ മുക്ക്-മാവട്ടാരി റോഡ്, 17ാം വാർഡിലെ കറുകക്കണ്ടം-ഇല്ലിക്കൽ താഴ റോഡ് എന്നിവയുടെ ഉദ്ഘാടനം സപ്തംബർ 24 ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ നിർവഹിക്കന്നതിന്റെ ഭാഗമായി എംഎൽഎ പഞ്ചായത്തിനെ അറിയിക്കാതെയാണ് സ്വാഗതസംഘം രൂപീകരണ യോഗം വിളിച്ചുചേർത്തത്.
പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കാതെ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് മെന്പറെ എംഎൽഎ ചുമതലപ്പെടത്തിയത് സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണെന്ന് ആർഎംപിഐ ഒഞ്ചിയം ഏരിയ സെക്രട്ടറി കെ.ചന്ദ്രൻ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.
നേരത്തെ ഒന്നാം വാർഡിലെ അംഗൻവാടി ഉദ്ഘാടത്തിലും ഇതേ സമീപനം തന്നെയാണ് എംഎൽഎ. സ്വീകരിച്ചത്. പഞ്ചായത്ത് ഭരണം നടത്തുന്ന ആർഎംപിഐയുടെ പ്രതിനിധികളെ യോഗത്തിന് വിളിക്കാൻ പോലും തയ്യാറാകാത്ത എംഎൽഎയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ആർഎംപിഐ വ്യക്തമാക്കി.
ഫിഷറീസ് വകുപ്പിന്റെയും എംഎൽഎയുടെയും രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം വിളിച്ചു ചേർക്കണമെന്നും ആർഎംപിഐ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.