വടകര: ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്ത എടച്ചേരി പോലീസ്നടപടി വിവാദത്തിലേക്ക്. സിപിഎമ്മിന്റെ നിർദേശ പ്രകാരം വേണുവിന്റെ പേരിൽ കള്ളക്കേസ് എടുത്തതായാണ് ആക്ഷേപം. സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം ബ്രിജിത്ത് ബാബുവിനെ ആക്രമിച്ചതിന്റെ പേരിലാണ് വേണു, ആർഎംപിഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ ഉൾപെടെ എട്ട് ആളുകളുടെ പേരിൽ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
ബ്രിജിത്ത് ബാബു ആക്രമിക്കപ്പെടുന്ന പതിനൊന്നാം തിയതി ഞായറാഴ്ച രാത്രി വേണു അടക്കമുള്ളവർ ഓർക്കാട്ടേരിയിലെ ആർഎംപിഐ ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്നുവെന്നാണ് വിവരം. ഓഫീസ് ആക്രമിച്ചതറിഞ്ഞ് വേണുവും കൂട്ടരും അവിടെ എത്തിയതായിരുന്നു. ഇതിനിടയിലാണ് അന്പതോളം വരുന്ന സംഘം ഓഫീസ് വളഞ്ഞത്. പോലീസ് എത്തി ആർഎംപിഐ നേതാക്കളേയും പ്രവർത്തകരേയും സുരക്ഷിതമായി മാറ്റി.
കരുതൽ തടങ്കൽ എന്ന നിലയിൽ ഇവരെ പയ്യോളി സ്റ്റേഷനിൽ പാർപിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്ന് വിശദീകരിച്ചത്. എന്നാൽ, പിറ്റേന്ന് രാവിലെയായതോടെ കഥ മാറി. ആർഎംപിഐ ഓഫീസിൽ നിന്ന് ആയുധങ്ങൾ പിടിച്ചതിന്റെ പേരിൽ പതിനാറു പേരെ പ്രതി ചേർത്ത പോലീസ് വേണുവിനെ വെറുതെ വിട്ടു.
മറ്റുള്ളവരെ റിമാന്റ് ചെയ്ത് ജയിലിൽ അടച്ചു. ഇതിനു ശേഷമാണ് വേണു അടക്കമുള്ളവരുടെ പേരിൽ മറ്റൊരു പരാതി വരുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ചതിന്റെ പേരിൽ വേണു അടക്കമുള്ളവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് ആർഎംപിഐ ആരോപിച്ചു. സിപിഎമ്മിന്റെ ചട്ടുകമായി പോലീസ് അധഃപതിച്ചെന്ന് ഇവർ കുറ്റപ്പെടുത്തി.
ആർഎംപിഐയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നടപടിയെന്നും ആക്ഷേപമുണ്ട്. അതേസമയം ബാബുവിനെ വധിക്കാൻ ശ്രമിച്ചതിൽ വേണു കുറ്റാരോപിതൻ മാത്രമാണെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് നിലപാട്.