ചെന്നൈ: മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവര്‍ണര്‍ ആര്. എന്‍. രവി നടത്തിയ പരാമര്‍ശം വിവാദത്തില്‍. 1947ല്‍ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയതിന്റെ ഖ്യാതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോ മഹാത്മാഗാന്ധിക്കോ അല്ല നൽകേണ്ടത്, അതിന് അർഹത സുഭാഷ് ചന്ദ്രബോസിനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായതെന്നാണ് ആര്.എന്‍. രവി പറഞ്ഞത്. 1942ന് ശേഷം ഗാന്ധിജിയുടെ പല സമരങ്ങളും നിഷ്ഫലമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഭാഷ് ചന്ദ്രബോസിന്റെ 127-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ ചടങ്ങിലാണ് തമിഴ്നാട് ഗവർണറുടെ വിവാദപരാമർശം. ഗവർണറുടെ അഭിപ്രായപ്രകടനത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്നാട്ടിലെ വിവിധ ദളിത് സംഘടനകൾ ഉൾപ്പെടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
അതേസമയം, കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സര്‍വകലാശാല അധികൃതര്‍ നിര്‍ബന്ധിച്ചതായി ആക്ഷേപം ഉയര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നിഷേധിച്ചതായും ആരോപണം ഉയര്‍ന്നു.