ചെന്നൈ: റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ശ്രീരാമൻ രാജ്യത്തിന്റെ പ്രതീകമാണ്. ഭാരതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് രാമൻ. പ്രാണപ്രതിഷ്ഠ രാജ്യത്തിനാകെ ആത്മവിശ്വാസവും പുതിയ ഊർജവും നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
75-ാം റിപ്പബ്ലിക് ദിനത്തിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന് തമിഴ്നാടുമായി അഗാധമായ ബന്ധമുണ്ടെന്നും രാമൻ നമ്മുടെ ദേശീയ പ്രതീകവും പ്രചോദനവുമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ചരിത്രസംഭവം രാജ്യത്തെയാകെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.