പാതളക്കുഴിയുമായി കണ്ണൂര്‍..! കലാമാമാങ്കത്തിന് ഇനി പത്തുനാള്‍ മാത്രം: അപമാനമായി പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍

road

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം വിളിപ്പാടകലെയെത്തിയിട്ടും കണ്ണൂര്‍ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ അധികൃതര്‍ക്ക് അനക്കമില്ല. കലോത്സവത്തിന് പത്തുദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന ആയിരങ്ങളെ കാത്തിരിക്കുന്നത് റോഡുകളിലെ പാതാള കുഴികളാണ്. ഇതൊരു അഭിമാനപ്രശ്‌നമായി മുന്നില്‍ക്കണ്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ക്രഷറുടമകളുടെ അനിശ്ചിതകാല സമരം മൂലം ആവശ്യത്തിന് മെറ്റല്‍ ലഭ്യമല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

റോഡുകള്‍ നന്നാക്കാന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.തകര്‍ന്നു കിടക്കുന്ന റോഡുകളുടെ എസ്റ്റിമേറ്റ് കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ എടുത്തിരുന്നു. മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടിയുടെ വികസന ഫണ്ടില്‍ നിന്നു അനുവദിച്ച ഒരു കോടി പത്തു ലക്ഷം രൂപയുടെ പ്രവൃത്തിയുടെ ടെണ്ടര്‍ കരാറുകാരന് ഇനിയും പിഡബ്യുഡി നല്‍കിയിട്ടില്ല. നഗരത്തിലെ പ്രധാന റോഡുകളുടെ ടാറിംഗിനായി കോര്‍പറേഷന്‍ ആറു കോടി  നീക്കിവച്ചിട്ടുണ്ട്. പക്ഷേ, ഒന്നും തുടങ്ങിയിട്ടില്ലെന്നു മാത്രം.

താവക്കര ആശിര്‍വാദ് റോഡ്, ശ്രീനാരായണ പാര്‍ക്ക് റോഡ്, യോഗശാല റോഡ്, കക്കാട് റോഡ്, തെക്കി ബസാര്‍, ധനലക്ഷ്മി റോഡ് തുടങ്ങിയവ അടിയന്തിരമായി അറ്റകുറ്റപ്പണി ചെയ്യേണ്ടത്. കലോത്സവത്തിന് മുന്നോടിയായി റോഡുകളിലെ കുഴിയടക്കുകയെന്നതാണ് കോര്‍പറേഷന്റെ പ്രഥമ പരിഗണന. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ മാത്രമേ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയുള്ളു. ജില്ലാ സഹകരണ ബാങ്കിന് മുന്നിലെ റോഡ് ഇന്റര്‍ലോക്ക് ചെയ്യാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരും മേയറും ക്വാറി ഉടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കലോത്സവം പടിവാതിക്കല്‍ എത്തിയ നേരത്തെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജില്ലയ്ക്കാണ് അപമാനം.

Related posts