കടുത്തുരുത്തി: ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വളവുകള്‍ നിവരുന്നതിനായുളള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് നീളും. വളവുകള്‍ നിവരണമെങ്കില്‍ ഇനിയും കാലങ്ങളേറേയെടുക്കുമെന്നാണ് അധികാരികളും പറയുന്നത്.
കാണക്കാരി മുതല്‍ തലയോലപറമ്പ് വരെയുള്ള കൊടുംവളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടിസ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലുറങ്ങുകയാണ്. 42 വളവുകളാണ് തലയോലപറമ്പിനും ഏറ്റുമാനൂരിനും ഇടയിലുള്ളത്.
കുറുപ്പന്തറ പുളിന്തറ വളവിലും തലയോലപറമ്പ് സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലുമാണ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത്.
എത്രയെത്ര അപകടങ്ങൾ
നമ്പ്യാകുളം, കളത്തൂര്‍, പുളിന്തറ, കുറുപ്പന്തറ ആറാംമൈല്‍, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജംഗ്ഷന്, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലുമായുണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല.
കുറുപ്പന്തറ പുളിന്തറ വളവില്‍ മാത്രമുണ്ടായ അപകടങ്ങളുടെ എണ്ണമെടുത്താല്‍ 41 വളവുകളിലായി ശരാശരിയുണ്ടാകുന്ന അപകടങ്ങളുടെ മൂന്നിലൊന്ന് വരുമെന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുളിന്തറ വളവില്‍ ഉണ്ടായ 50 ഓളം വാഹനാപകടങ്ങളില്‍ നാല് പേര് മരിക്കുകയും നിരവധിയാളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും അപകട കാരണമാകുന്നത്. കോട്ടയം-എറണാകുളം റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചതിനുശേഷം ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചതായാണ് പോലീസിന്റെ കണക്കുകളും വ്യക്തമാക്കുന്നത്.
വളവുകളില്‍ അപകടം വര്‍ധിച്ചതോടെ മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്തുവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് പട്ടിത്താനം-കടുത്തുരുത്തി-വൈക്കം റോഡിലെ വളവുകള്‍ നിവര്ക്കുന്നതിനായി പദ്ധതി തയാറാക്കുകയും അനുമതി നല്‍കുകയും ചെയ്തത്.
നടപടികൾ കടലാസിൽ
2013 ല്‍ ലാൻഡ് അക്വിസിഷന്‍ ആക്ട് പ്രകാരം കാണക്കാരി മുതല്‍ തലയോലപറമ്പ് വരെയുള്ള അപകടവളവുകള്‍ നിവര്ക്കുന്നതിനായി അധികൃതര്‍ ആറ് വില്ലേജുകളില്‍ സര്‍വേ നടത്തുകയും നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.
കാണക്കാരി, കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ റോഡില്‍ ഇടങ്ങളിലെ വളവുകള്‍ നിവര്‍ത്താന്‍ ഹൈ ലെവല്‍ കമ്മിറ്റിയുടെ അനുമതിയും ലഭിച്ചിരുന്നു. തുടര്‍ന്ന് സര്‍വേ നടപടികള്‍ പൂര്ത്തിയാകുന്നതിനിടെയില് സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചു പുതിയ ഉത്തരവ് പുറപ്പെടുവിച്ചതോടെ വളവ് നിവര്ക്കാന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തടസപെട്ടു.
പലയിടത്തും സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെ തുടര്‍ന്ന് സ്ഥലമെടുപ്പ് സംബന്ധിച്ച അനുമതി ഉത്തരവ് നല്‍കുമെന്ന് മന്ത്രി കെ.രാജന് വ്യക്തമാക്കിയിരുന്നു.
ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊന്നുംവില ഓഫീസറായ എല്‍ എ ജനറല്‍ സ്പെഷ്യല്‍ തഹസില്‍ദാരെ ചുമതലപെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം നടപടിക്രമങ്ങള്‍ വൈകുന്നതായാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആക്ഷേപം.
അപകടവളവുകള്‍ നിവര്ക്കാന് നടപടി സ്വീകരിക്കുകയും ഇതിനായി തുടങ്ങിവച്ച സര്‍വേയും ഭൂമി ഏറ്റെടുക്കല്‍ നടപടികളും വേഗത്തിലാക്കുകയും ചെയ്യണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വളവ് നിവര്‍ത്തല്‍ പദ്ധതിക്കു അനുമതി ലഭിച്ചിട്ട് രണ്ട് സര്‍ക്കാരുകളുടെ കാലഘട്ടം കഴിഞ്ഞുപോയിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ കഴിയാതെ വരുന്നത് വികസന രംഗത്ത് വലിയ പ്രതിസന്ധിയും കാലതാമസവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള കല്ലിടീല്‍ പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്നും ഇതുമൂലം നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നസ് മാത്രമല്ല, സ്വകാര്യ വ്യക്തികള്‍ക്ക് തങ്ങളുടെ സ്ഥലത്ത് നിര്‍മാണം നടത്തേണ്ടി വരുമ്പോള്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ കല്ലാണ് പ്രൊപ്പോസല്‍ ലൈനായി വരുന്നതെന്നും സ്ഥലം നഷ്ടപെടുന്നവര്‍ ഇതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കുറുപ്പന്തറ ഗ്രാമവികസന സമിതി സെക്രട്ടറി വിന്‍സെന്റ് ചിറയില്‍ ചൂണ്ടി കാണിക്കുന്നു.
50 വര്‍ഷത്തിലേറേ പഴക്കമുള്ള എറണാകുളം-ഏറ്റുമാനൂര്‍ റോഡ് വികസനം സാധ്യമാകാത്തത് ഉണ്ടാക്കുന്ന ബുന്ധിമുട്ടുകള്‍ വലുതാണ്. റോഡ് വികസനവും വളവു നിവര്‍ക്കലും എങ്ങുമെത്താത്തനില് അപകടങ്ങള്‍ വര്‍ധിക്കുകയാണെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നാട്ടുകാരനായ ജോമോന് കുരുപ്പത്തടം പറയുന്നു.