മഞ്ചേരി: ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.
ഇന്ന് രാവിലെ ഏഴിന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒമ്പതിന് പൂര്‍ത്തിയായി. മരണ വിവരമറിഞ്ഞ് ആശുപത്രി പരിസരത്തും മരിച്ചവരുടെ വീടുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്.
ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ അബ്ദുള്‍ മജീദ്(55), ഓട്ടോ യാത്രക്കാരായ പുല്ലൂര്‍ കിഴക്കേത്തല സ്വദേശി മുഹ്സിന(34), സഹോദരി കരുവാരക്കുണ്ട് വെളയൂര്‍ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ(33), മക്കളായ റൈഹ ഫാത്തിമ(4), റിന്‍ഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്.
മുഹ്സിനയുടെ മക്കളായ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്സാന്, തസ്നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ മജീദിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കി. മറ്റുളളവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി കിഴക്കേത്തല ജിഎംഎല്‍പി സ്ക്കൂള് അങ്കണത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.
കാളികാവ് വെള്ളയൂര്‍ പള്ളിക്കു സമീപം താമസിക്കുന്ന പി.പി. അഹ്മദ് കുട്ടിയുടെ മകന് റിയാസിന്റെ ഭാര്യ തസ്നീം (33), മക്കളായ റിന്‍ഷാ ഫാത്തിമ (9), റൈഹ ഫാത്തിമ (3) യുടെയും കബറടക്കം വെള്ളയൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
മുസ്ഹിനയുടെയുടെ മൃതദേഹം പയ്യനാട് താമരശേരി ജുമാ മസ്ജിദിലും കബറടക്കി. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികില്‍സക്ക് ശേഷം മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന തസ്നീമ ബുധനാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. പുല്ലൂരിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു കുടുംബം.
ഇതിനിടയിലാണ് ദാരുണ സംഭവം. ഇരുപത് വര്‍ഷമായി പയ്യനാട് തടപ്പറമ്പില്‍ താമസിക്കുന്ന അബ്ദുള്‍ മജീദ് മഞ്ചേരി താണിപ്പാറ സ്വദേശിയാണ്. ഭാര്യ : ഹഫ്സത്ത്. മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ജുനൈദ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഷുഹൈബ്, റിന്‍ഷ മറിയം എന്നിവര്‍ മക്കളാണ്.