ഹരിപ്പാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. പതിമൂന്നു വയസുള്ള മകന്റെ കാലൊടിഞ്ഞു.
മണ്ണാറശാല അഞ്ജനേയമഠത്തിൽ പ്രിയ എസ്. പൈ, മകൻ സ്നേഹേഷ് എസ്. ഷേണായി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു പുറകുവശത്തുള്ള റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്.
പ്രിയ ഓടിച്ച സ്കൂട്ടർ റോഡിലെ വലിയ കുഴിയിലേക്ക് വീണ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർഷങ്ങളായി തകർന്നുകിടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ദേവസ്വം ബോർഡിനു നൽകിയെങ്കിലും ഇതുവരെയും നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും കൂടുതൽ അപകടം ഉണ്ടാകുന്നതിന് മുമ്പ് അടിയന്തരമായി റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.