കൊല്ലം : അപകടം കുറയ്ക്കുന്നതിൽ ട്രാക്കിന്റെ പങ്ക് വലുതാണെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. ട്രാക്ക് ലൈഫ് മെമ്പർ ഷീല ആന്റണി സമ്മാനിച്ച ആംബുലൻസിന്റെ ഫ്ളാഗ്ഓഫ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അമിതവേഗത, ലൈറ്റ് ഡിം ചെയ്യാതിരിക്കൽ, ലഹരിമരുന്നുപയോഗിച്ചുള്ള ഡ്രൈവിംഗ്, അശ്രദ്ധയോടെയുള്ള വാഹനമോടിക്കലും കാൽനടയാത്രയും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാണ് .
ഇതിനൊരു പരിഹാരം ബോധവൽക്കരണമാണ്. ഇവിടെയാണ് ട്രാക്കിന്റെ പ്രവർത്തനങ്ങളുടെ മഹത്വമെന്നും മന്ത്രി രാജു പറഞ്ഞു. അപകടരക്ഷാ വർഷാചരണത്തിലൂടെ ജില്ലയിൽ അപകടങ്ങൾ വർധിക്കുന്നതിനെ പിടിച്ചുനിർത്തുവാൻ ട്രാക്കിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ട്രഷറർ റിട്ട.ആർ ടി ഓ സത്യൻ പി എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മേയർക്കുവേണ്ടി ട്രാക്കിൽ നിന്നു അപകടരക്ഷ പരിശീലനം ലഭിച്ച അയ്യായിരം അംഗങ്ങളുടെ പ്രഖ്യാപനവും ജോർജ് എഫ് സേവ്യർ വലിയവീട് എഴുതി ജോസ്ഫിൻ ജോർജ് വലിയവീട് സംഗീതം നിർവഹിച്ചു ആലപിച്ച സ്നേഹം എന്ന കവിതയുടെ യൂട്യൂബ് പ്രകാശനവും ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് നിർവഹിച്ചു.
സെക്രട്ടറി എം വി ഐ പ്രവീൺ സി വി , ട്രാക്ക് വൈസ് പ്രസിഡണ്ട്മാരായ ഡെപ്യൂട്ടി ഡി എം ഓ ഡോ. സി ആർ ജയശങ്കർ, ജോർജ് എഫ് സേവ്യർ വലിയവീട്, ലൈഫ് മെമ്പർ ഷീലാ ആന്റണി, പി ആർ ഓ റോണാ റിബെയ്റോ എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങൾ ട്രാക്ക് ഫൗണ്ടർ സെക്രട്ടറി എം വി ഐ ശരത് ചന്ദ്രൻ , കൊട്ടിയം ഹോളിക്രോസ് എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസ്, ജില്ലാ ആശുപത്രി ആർ എം ഓ ഡോ. അനിൽ കുമാർ, ട്രാക്ക് സെക്രട്ടറി എം വി ഐ പ്രവീൺ സി വി , എം വി ഐ മാരായ ശ്യാം സി, സുനിൽചന്ദ്രൻ, അനിൽ കരുനാഗപ്പള്ളി, ഹോളിക്രോസ് ഹോസ്പിറ്റൽ സ്റ്റാഫ് ബിനോയ് ജോസഫ്, അനിത്ത്, സൈജു ശ്രീനിവാസൻ എന്നിവർക്ക് സമ്മാനിച്ചു.
വ്യത്യസ്ത മേഖലകളിലെ പ്രവർത്തന മികവിന് ട്രാക്ക് ചാർട്ടർ മെമ്പർ സന്തോഷ് തങ്കച്ചൻ, വോളന്റിയർമാരായ സന്തോഷ് വെളിയം, ജയപ്രമോദ് എന്നിവരെ യോഗത്തിൽ ആദരിച്ചു . അപകടം പറ്റി കൂടെ ആരുമില്ലാത്തവർക്കും പാവങ്ങൾക്കും സൗജന്യമായും അല്ലാത്തവർക്ക് ടാക്സി റേറ്റിലുമായിരിക്കും ആംബുലൻസ് സേവനങ്ങൾ നൽകുക .
ആംബുലൻസിന് വിളിക്കേണ്ട നമ്പർ 9847104104 എന്നതാണ് .ഫ്ലാഗ് ഓഫിനുശേഷം പിആർഒ റോണാ റിബെയ്റോയുടെ നേതൃത്വത്തിൽ ട്രയൽ റൺ നടത്തുവാൻ പോയ ആംബുലൻസിൽ സ്കൂട്ടർ അപകടം പറ്റിയ അധ്യാപക സംഘടന നേതാവ് പയസിനെ രക്ഷിച്ചു മെഡിസിറ്റി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു .