കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള് പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രതിനിധി യോഗം. റോഡ് നിര്മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്ട്ട് നല്കി പലപ്പോഴും യഥാര്ഥ കാരണങ്ങളെ നിസാരവത്കരിക്കുകയാണ്. സംസ്ഥാനത്ത് മദ്യവില്പനയുടെ സമയം പുനഃക്രമീകരിക്കണം.
കിട്ടുന്നിടത്തുനിന്നുതന്നെ ഇരുന്നോ നിന്നോ അത് ബാറിലാണെങ്കില് പോലും ഉപയോഗിക്കരുതെന്ന നിയമം വരണം. വൈകുന്നേരങ്ങളില് ലഹരി പരിശോധന നിര്ബന്ധമാക്കണം.
മാരക രാസലഹരി ഡ്രൈവര്മാര് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രക്തപരിശോധനകൂടി നടത്തി വേണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്. മന്ത്രി കെ.ബി. ഗണേഷ് കുമാര് വിളിച്ചുചേര്ത്തിരിക്കുന്ന അടിയന്തര യോഗത്തില് ഈ നിര്ദേശങ്ങള്ക്കൂടി പരിഗണനയ്ക്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള യോഗം ഉദ്ഘാടനം ചെയ്തു.ജോസ്മോന് പുഴക്കരോട്ട് അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്, അലക്സ് കെ. ഇമ്മാനുവേല് എന്നിവര് പ്രസംഗിച്ചു.