ബിജോ ടോമി
കൊച്ചി: നിരത്തുകളിൽ അപകടം വർധിക്കുന്പോഴും അമിത വേഗത്തെ പുൽകി മലയാളികൾ. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് പാതയോരങ്ങളിലും സിഗ്നലുകളിലും സ്ഥാപിച്ചിരിക്കുന്ന കാമറയിൽ കഴിഞ്ഞ വർഷം 3,30,000 വാഹനങ്ങളാണ് കുടുങ്ങിയത്. ഇതിൽ ഭൂരിഭാഗവും അമിത വേഗത്തിൽ വാഹനം ഓടിച്ച കേസുകളാണ്.
13,49,21,000 രൂപ മൂല്യമുള്ള ഗതാഗത ലംഘനങ്ങളാണ് 2017ൽ കാമറ ഒപ്പിയെടുത്തത്. പിഴയിനത്തിൽ 5.47 കോടി രൂപയോളം ഖജനാവിലെത്തി. ബാക്കിയുള്ള തുകയും വേഗം തന്നെ ഈടാക്കുമെന്ന് എറണാകുളം എൻഫോഴ്മെന്റ്് ആർടിഒ കെ.എം. ഷാജി പറഞ്ഞു. ഒരു തവണ നോട്ടീസ് അയച്ചിട്ടും പിഴയടക്കാത്തവരുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാമറയുണ്ട്; കുടുങ്ങും
സംസ്ഥാനത്ത് 201 കാമറകളാണ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചരിക്കുന്നത്. ഇതിൽ ചുരുക്കം കാമറകൾ റോഡുകൾ വീതി കൂട്ടുകയും മറ്റും ചെയ്തപ്പോൾ പ്രവർത്തന ക്ഷമമല്ലാതായി. ഇതു മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇരുട്ടിൽ പോലും വളരെ ദൂരത്തുനിന്ന് അമിതവേഗത്തിൽ പായുന്ന വാഹനങ്ങളുടെ ചിത്രമെടുക്കാവുന്ന ഇൻഫ്രാറെഡ് സ്പീഡ് ട്രേസർ ഉൾപ്പെടെയുള്ള അത്യാധുനിക ക്യാമറകളാണു ഗതാഗത ലംഘനങ്ങൾ പകർത്തുന്നത്.
രാത്രിയിലാണെങ്കിലും വാഹനങ്ങളുടെ നന്പർ പ്ലേറ്റ് വ്യക്തതയോടെ കണ്ട്രോൾ റൂമിൽ എത്തിക്കുമെന്നതാണ് ഇൻഫ്രാ റെഡ് സ്പീഡ് ട്രേസർ കാമറകളുടെ പ്രത്യേകത. കാമറയിൽ പതിയുന്ന രംഗങ്ങൾ എറണാകുളം കാക്കനാടുള്ള കണ്ട്രോൾ റൂമിലാണ് മോണിറ്റർ ചെയ്യുന്നത്. നന്പർ നോക്കി വിലാസം കണ്ടെത്തി ഉടമയ്ക്കു നോട്ടിസയക്കും. അമിത വേഗക്കാർക്ക് 400 രൂപയും, റെഡ് സിഗ്നൽ അവഗണിക്കുന്നവർക്ക് 1,000 രൂപയും പിഴ ചുമത്തിക്കൊണ്ടാണു നോട്ടിസയക്കുന്നത്.
നിയമം ലംഘിച്ച് അമിത വേഗത്തിൽ പായുന്ന വാഹനങ്ങളുടെ ഫോട്ടോയും എത്ര കിലോമീറ്റർ വേഗത്തിലാണു സഞ്ചരിച്ചിരുന്നതെന്നു രേഖപ്പെടുത്തിയ സ്പീഡോ മീറ്റർ പ്രിന്റും സഹിതം വിശദമായ റിപ്പോർട്ടാണു കാമറകളിൽ നിന്നു ഓണ്ലൈൻ വഴി കണ്ട്രോൾ റൂമിലെത്തുന്നത്. ഇതിന്റെ പ്രിന്റ് ആണു നോട്ടിസായി എത്തുന്നത്.
പിടി വീഴുന്ന വാഹനങ്ങൾക്ക് പിഴയടക്കാതെ മറ്റു നിവൃത്തിയില്ല. വാഹനവുമായി ബന്ധപ്പെട്ട എന്താവശ്യത്തിന് ആർടി ഓഫിസിൽ ചെന്നാലും കേസുമായി ബന്ധപ്പെട്ട പിഴ അടക്കാതെ മറ്റു നടപടിക്രമങ്ങൾക്കു കന്പ്യൂട്ടർ സമ്മതിക്കാത്ത വിധമാണു സോഫ്റ്റ്വെയർ ക്രമീകരിച്ചിരിക്കുന്നത്.
വേഗത്തിനൊപ്പം അപകടവും
അമിത വേഗത്തിനും മറ്റു നിയമലംഘനങ്ങളുക്കുമെതിരെ കർശന നടപടികൾ എടുക്കുന്പോഴും റോഡുകളിലെ അപകടത്തിനു കുറവില്ല. കഴിഞ്ഞവർഷം സംസ്ഥാനത്ത് 38,470 അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിൽ 4,131 ജീവനുകൾ പൊലിഞ്ഞപ്പോൾ 42671 പേർക്ക് പരിക്കേറ്റു. ഇതിൽ പകുതിയും അമിത വേഗം മൂലമുണ്ടായ അപകടങ്ങളാണ്. 2016ൽ 39,420 അപകടങ്ങളിലായി 4,287 പേർക്ക്് ജീവൻ നഷ്ടപ്പെടുകയും 44,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2015 ൽ 39,014 അപകടങ്ങളിൽ നിന്നായി 4,196 പേർ മരണപ്പെട്ടു. 43,735 പേർക്ക് പരിക്കേറ്റു.
ജീവനക്കാരുടെ കുറവ് വെല്ലുവിളി
ദിവസവും ആയിരക്കണക്കിനു കേസുകളാണ് കാക്കനാടുള്ള കണ്ട്രോൾ റൂമിൽ എത്തുന്നത്. ആർടി ഓഫിസിനോടനുബന്ധിച്ച എൻഫോഴ്സ്മെന്റ് കണ്ട്രോൾ റൂമിൽ ഇതിനു വേണ്ടി മാത്രം ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മുഴുവൻ കാമറുകളും പരിശോധിച്ച് നോട്ടീസ് അയക്കാൻ ജീവനക്കാരുടെ കുറവ് വെല്ലുവിളിയാകുന്നു.
എൻഫോഴ്സ്മെന്റ് ആർടിഒ, ഒരു വെഹിക്കൾ ഇൻസ്പെക്ടർ, ഒരു അസിസ്റ്റന്റ് വെഹിക്കൾ ഇൻസ്പെക്ടർ എന്നിവരോടൊപ്പം 12 കരാർ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ പരിമിതി മൂലം അന്നന്നു കാമറയിൽ പതിയുന്ന വാഹനങ്ങൾക്കു നോട്ടീസ് അയക്കാൻ കഴിയാറില്ല.
അതുകൊണ്ടു തന്നെ കാമറയിൽ കുടുങ്ങി മാസങ്ങൾക്കു ശേഷമാണ് വാഹന ഉടമകൾക്കും നോട്ടീസ് ലഭിക്കുക. ഈ പരിമിതി പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ട്രോൾ റൂം ഇൻചാർജ്, വെഹിക്കിൾ ഇൻസ്പെക്ടർ ബിജു ഐസക് പറഞ്ഞു. നിലവിൽ 1,500 മുതൽ 2,000 വരെ നോട്ടീസുകളാണ് ഇവിടെ നിന്നു ദിവസവും അയക്കുന്നത്.