പട്ടിക്കാട്: ആറാംകല്ലിൽ ദേശീയപാതയ്ക്കും സർവീസ് റോഡിനും ഇടയിലായി അപകടക്കെണി ഒരുക്കി കാത്തിരിക്കുകയാണ് ദേശീയപാത നിർമാണ കന്പനി. ദേശീയപാതയിൽ അപകട മരണങ്ങൾ തുടർക്കഥയായിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.
പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ ആറാംകല്ല് കഴിഞ്ഞ് സർവീസ് റോഡ് ദേശീയപാതയിലേക്ക് ചേരുന്ന ഭാഗത്താണ് ടാറിംഗിന് ഉപയോഗിക്കുന്ന ബിറ്റുമിൻ വേസ്റ്റ് ഉപേക്ഷിച്ച നിലയിൽ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു ബൈക്കും ഒരു കാറും ഇവിടെ അപകടത്തിൽപെട്ടു. സർവീസ് റോഡിലൂടെ വന്ന് ദേശീയപാതയിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നവരും ദേശീയപാതയിൽനിന്നും സർവീസ് റോഡിലേക്ക് ഇറങ്ങുന്നവരും ഒരുപോലെ അപകടത്തിൽപെടാവുന്ന രീതിയിലാണ് ബിറ്റുമിൻ വേസ്റ്റ് കിടക്കുന്നത്.
ഇവ അടുത്തെത്തുന്പോൾ മാത്രമേ ശ്രദ്ധയിൽ പെടൂ എന്നതാണ് ഏറെ അപകടം.അപകടത്തിൽപെട്ട യാത്രക്കാരുടെ അവസ്ഥ മനസിലാക്കിയ സമീപവാസികളാണ് ഇവിടെ താത്കാലികമായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
എത്രയും വേഗം അധികൃതർ ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകടങ്ങൾ പ്രദേശത്തുണ്ടാകാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.