പുതുക്കാട്: ദേശീയപാത നിർമാണ അഴിമതിയിൽ സിബിഐ സ്വമേധയാ കേസെടുത്തതോടെ വർഷങ്ങളായുള്ള നിഗൂഢതകളുടെ ചുരുളഴിയുമെന്ന് പ്രതീക്ഷ. 102.44 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.
ദേശീയപാത നിർമാണ കരാർ മുതൽ വലിയ ദുരൂഹതകൾ നിറഞ്ഞതായിരുന്നു അധികൃതരുടെ നടപടികൾ. കരാർ ലഭിച്ച കെഎംസി കണ്സ്ട്രക്ഷൻ കന്പനിയും സ്രെ ഇൻഫ്രാസ്ട്രചകർ ഫിനാൻസ് ലിമിറ്റഡും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനിക്ക് ഉപകരാർ നൽകുകയായിരുന്നു.
തുടർന്ന് ടോൾപ്ലാസ അറ്റകുറ്റപ്പണി, സംരക്ഷണം, കരാർ ജീവനക്കാരുടെ നിയമനം, വാഹനങ്ങളുടെ കരാർ തുടങ്ങിയവയെല്ലാം ഉപകരാറുകൾ വന്നു. എല്ലാറ്റിലും സർക്കാർ -രാഷ്ട്രീയ തലത്തിലുള്ള ഉന്നതന്മാരുടെ ഇടപെടലും സ്വാധീനവും വ്യക്തമായിരുന്നു.
ടോൾപ്ലാസയിൽനിന്ന് യാത്രാപാസ് അനുവദിക്കുന്നതു മുതൽ എല്ലാ നടപടികളിലും സ്വജനപക്ഷപാതവും രാഷ്ട്രീയക്കാരുടെ സ്വാധീനവുമുണ്ടായിരുന്നു. സിബിഐ ഒന്നാം പ്രതിയാക്കിയിരിക്കുന്ന കന്പനി ഡയറക്ടർ ദേശീയ രാഷ്ട്രീയത്തിലെ ഉന്നതന്റെ ബന്ധുവാണ്.
പല കേരള രാഷ്ട്രീയ നേതാക്കളുടെ വേണ്ടപ്പെട്ടവരും ജിഐപിഎൽ, ടോൾപ്ലാസ ഉപകരാറുകളിൽ ഭാഗഭാക്കാണ്. വ്യക്തമായ കരാർ ലംഘനങ്ങൾ കണ്മുന്നിൽ നടന്നിട്ടും പോലീസിനോ നിയമത്തിനോ ഇടപെടാനാവാത്ത സ്ഥിതിയുണ്ടായിരുന്നതും ഈ ഉന്നതരുടെ ഇടപെടൽ മൂലമാണ്.
ടോൾബൂത്തിനു മുന്നിലെ വാഹന തിരക്ക് ഒഴിവാക്കുന്നതിന് അഞ്ചു വാഹനങ്ങളിൽ കൂടുതൽ വന്നാൽ ടോൾഗേറ്റ് തുറന്നു വിടണമെന്ന കരാർ വ്യവസ്ഥ നടപ്പാക്കിയത് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. ഒരാഴ്ചയോളം പോലീസ് ഇത് നടപ്പാക്കി.
തുടർന്ന് ജലന്ധർ ദേശീയപാതയ്ക്കുവേണ്ടി ചണ്ഡീഗഡ് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് ഇവിടെയും ബാധകമാണെന്ന ടോൾപ്ലാസ അധികൃതരുടെ വാദത്തിനു മുന്നിൽ സംസ്ഥാന സർക്കാരും പോലീസും നിശബ്ദരാവുകയായിരുന്നു.
രാജ്യത്തെ ടോൾപ്ലാസകൾക്കെല്ലാം കരാർ വ്യവസ്ഥകൾ വ്യത്യസ്തമാണെന്നിരിക്കെ ജലന്ധർ പാതയുടെ ഉത്തരവ് പാലിയേക്കരയ്ക്കു എങ്ങനെ ബാധകമാകുമെന്ന് ആരും ചോദിച്ചില്ല.
ദേശീയപാത അനുബന്ധ സംവിധാനങ്ങൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന മുൻ മുഖ്യമന്ത്രിയുടെ ഉറപ്പും കേന്ദ്ര ഭരണം ലഭിച്ചാൽ ടോൾ പിരിവ് നിർത്തലാക്കുമെന്ന പഴയ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനവും വെറും വാക്കുകളായി.
ഇതിലെല്ലാം ഭരണ, രാഷ്ട്രീയ തലത്തിലുള്ള ഉന്നതന്മാരുടെ ഇടപെടലുണ്ടെന്ന ആരോപണം നേരത്തേയുള്ളതാണ്. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ കരാറിലെ വ്യവസ്ഥകൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പാലിച്ചിട്ടില്ലായെന്നാണ് ഇപ്പോൾ സിബിഐ കണ്ടെത്തൽ.