മുക്കം: പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടുപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ നിർമാണത്തിൽ അപാകതയെന്നാരോപണം. 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച തടപ്പറമ്പ് – താഴക്കോടുമ്മൽ റോഡ് നിർമാണത്തിലെ അപാകതകൾക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.
അപാകതകൾ മറയ്ക്കാൻ റോഡിൽ പാറപ്പൊടിയിട്ട നിലയിലാണ്. മാർച്ച് 24ന് മന്ത്രി എ.കെ ബാലനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ആ ദിവസം തന്നെ അപാകതകൾ കരാറുകാരന്റെയും വാർഡ് കൗൺസിലറുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനകം നന്നാക്കാമെന്നായിരുന്നു മറുപടി. 500 മീറ്റർ നീളമുള്ള റോഡിന്റെ കയറ്റമുള്ള ഭാഗത്ത് 50 മീറ്ററോളം നീളത്തിലാണ് വലിയ രീതിയിൽ പാറപ്പൊടി ഇട്ടിരിക്കുന്നത്.
റോഡിൽ നിറയെ പാറപ്പൊടി ഇട്ടതോടെ ഇരുചക്രവാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കാൽനടയാത്രയും ദുസ്സഹമാണ്. റോഡിന്റെ പല ഭാഗങ്ങളിലും നിർമാണത്തിലെ അപാകതകൾ വ്യക്തമാണ്. റോഡരികിലൂടെ കെട്ടിയ കരിങ്കൽ കെട്ടുകൾ തള്ളിപ്പോയതായും കെട്ടിന് മുകളിലൂടെ നിർമിച്ച കോൺക്രീറ്റ് ബെൽറ്റ് പല ഭാഗങ്ങളിലും വിണ്ടുകീറി പൊട്ടിയതായും നാട്ടുകാർ പറയുന്നു.
എം. സാൻഡിന് പകരം പാറപ്പൊടി ഉപയോഗിച്ചാണ് ബെൽറ്റ് നിർമിച്ചത്. ശക്തമായ മഴയിൽ വെള്ളം ഒലിച്ചു വന്നാൽ കെട്ടുപൊട്ടാൻ സാധ്യതയുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും പല ഭാഗങ്ങളിലും ടാറിങ് ഉറച്ചിട്ടില്ല. ചവിട്ടിയാൽ അടർന്നു പോകും. റോഡ് പ്രവൃത്തി നടക്കുമ്പോൾ തന്നെ നിർമാണത്തിലെ അപാകതകൾ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. എഇയേയും ഓവർസിയറേയും നാട്ടുകാർ വിളിച്ചു വരുത്തിയിരുന്നു.
എന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ അധികൃതർ തയ്യാറാവാത്തതാണ് അപാകതകൾക്ക് കാരണമെന്നും ആക്ഷേപമുണ്ട്. 25 ലക്ഷം രൂപയിൽ 23.75 ലക്ഷം രൂപ കരാറുകാരനു നൽകി കഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും മന്ത്രി എ.കെ ബാലനും ജില്ലാ കളക്ടർക്കും പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.്