മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡും സമീപപ്രദേശങ്ങളും വഴിവാണിഭക്കാർ കൈയടക്കിയതോടെ അപകടഭീഷണിയെന്നു പരാതി.
ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറെ കരയിലുള്ള അപ്രോച്ച് റോഡിലാണ് റോഡ് കൈയടക്കി കച്ചവടം പൊടിപൊടിക്കുന്നത്. ഒന്നിലധികം മത്സ്യക്കച്ചവടക്കാർ റോഡ് വക്ക് സ്ഥിരമായി കൈവശപ്പെടുത്തിയിരിക്കുകയാണ്.
മറ്റു വഴിവാണിഭക്കാരും റോഡിൽ സ്ഥിരസാന്നിധ്യമാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവരും വാഹനങ്ങളും കൂടിയാകുമ്പോൾ റോഡിൽ പലപ്പോഴും ഗതാഗതത്തിന് ഇടമില്ലാത്ത അവസ്ഥയാണ്.
കുരുങ്ങിവലഞ്ഞ് ജനം
എസി റോഡിൽ നവീകരണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇരട്ടിയായിട്ടുണ്ട്. എസി റോഡ് വഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി സർവീസുകൾ പലതും ഇതുവഴിയാണ് കടന്നുപോകുന്നത്.
ഏറ്റവുമധികം ഗതാഗതത്തിരക്കുള്ള വൈകുന്നേരങ്ങളിലാണ് കച്ചവടവും ഏറുന്നത്. ഇതുമൂലം പാലത്തിലും ആറിന്റെ ഇരുകരകളിലുമുള്ള റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ചെറിയ അപകടങ്ങളുമുണ്ടാകുന്നു. റോഡിലെ തടസങ്ങൾ വലിയ അപകടങ്ങൾക്കു വഴിതുറക്കുന്നതാണെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം, വഴിവാണിഭക്കാരുടെ റോഡ് കൈയേറിയുള്ള കച്ചവടം പ്രദേശത്തെ വ്യാപാരികളുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
പഞ്ചായത്തിന് അനക്കമില്ല
നാട്ടുകാരുടെ പരാതി ഏറിയതോടെ വിഷയം പൊതുമരാമത്തു വകുപ്പിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇതേത്തുടർന്ന് റോഡു വക്കിലെ വ്യാപാരം അവസാനിപ്പിക്കണമെന്നു കാണിച്ചു പൊതുമരാമത്തു വകുപ്പ് കച്ചവടക്കാർക്കു നോട്ടീസ് നൽകി.
എന്നാൽ, യാതൊരു പ്രതികരണവുമുണ്ടായില്ല. പഞ്ചയത്ത് അധികൃതരാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നും ഇവർ പറയുന്നു. കർശന നടപടിയെടുക്കേണ്ട പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ നാട്ടുകാർ കടുത്ത അതൃപ്തിയിലാണ്.
മലിനജലം ദുർഗന്ധം പരത്തുന്നതായും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വീടുകളിലെത്തി മലിനീകരണം സംബന്ധിച്ചു കർശന നിർദേശം നൽകുന്ന ആരോഗ്യ വകുപ്പധികൃതരും പൊതുവഴിയിലെ പ്രശ്നങ്ങൾക്കു നേരേ കണ്ണടയ്ക്കുകയാണത്രേ. ഗതാഗത പ്രശ്നങ്ങൾ ഉണ്ടായിട്ടും പോലീസും ഇതുവരെ ഇടപെട്ടിട്ടില്ല.