പത്തനംതിട്ട: കോട്ടയം, കൊല്ലം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം.
ഇടവഴികള്‍ പൂര്‍ണമായും ഇന്നലെതന്നെ അടച്ചു. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, കുന്നന്താനം, റാന്നി പഴവങ്ങാടി, അങ്ങാടി, വെച്ചൂച്ചിറ, പെരുനാട് ഗ്രാമപഞ്ചായത്തുകള്‍, തിരുവല്ല നഗരസഭ അതിര്‍ത്തികളാണ് കോട്ടയവുമായി പ്രധാനമായി അതിര്‍ത്തി പങ്കിടുന്നത്.
കടമ്പനാട്, ഏറത്ത്, ഏനാദിമംഗലം, കലഞ്ഞൂര്‍, പഴകുളം ഗ്രാമപഞ്ചായത്തുകള്‍ കൊല്ലവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളിലെ പ്രധാന പാതകളിലൊഴികെ സമ്പൂര്‍ണമായി അടച്ചിടാനാണ് നിര്‍ദേശം.
കോട്ടയം, കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളു. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇരുജില്ലകളിലും അവശ്യസേവനത്തിലുള്ളവര് പത്തനംതിട്ട ജില്ലയിലേക്ക് വരുന്നതും പോകുന്നതും നിയന്ത്രിക്കും.
ഇത്തരക്കാര്‍ ജോലി ചെയ്യുന്ന ജില്ലകളില്‍ തന്നെ തുടരാനാണ് നിര്‍ദേശം. അവശ്യസേവനക്കാരൊഴികെയുള്ളവര്ക്ക് അതിര്‍ത്തി കടക്കാന്‍ പോലീസ് പാസ് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.
സമീപജില്ലകളില്‍ കോവിഡ് പടരുന്നതും പത്തനംതിട്ടയിലേക്ക് കൂടുതല്‍ ആളുകള്‍ വാഹനങ്ങളില്‍ എത്തുന്നതു തടയേണ്ട സാഹചര്യം ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നു സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളില്‍ ആളുകളെത്തുന്നതും ഗുരുതരമായ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വരുന്നയാളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.