മാഹി: മഴ ശക്തമായതോടെ നിർദിഷ്ട തലശേരി – മാഹി ബൈപ്പാസ് പാതയ്ക്കരികിലെ രണ്ടു റോഡുകൾ ചെളിക്കുളമായി. പള്ളുർ – പാറാൽ റോഡ്, പള്ളൂർ നടവയൽ റോഡ് എന്നിവയാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്ത സ്ഥിതിയിലായത്.
ബൈപാസ് പാതയ്ക്കായി പള്ളുർ – മാഹി റോഡിൽ കുഞ്ഞിപ്പുര മുക്കിന് സമീപം റോഡ് മുറിച്ചിരുന്നു. ഇതോടെ വാഹനങ്ങൾ കുഞ്ഞിപ്പുര മുക്ക് തിരിഞ്ഞ്a പോക്കറ്റ് റോഡിലൂടെ പള്ളുർ – പാറാൽ റോഡിലേക്ക് കയറിയാണ് യാത്ര ചെയ്യുന്നത്.
മാഹി ബൈപാസ് പാതയിൽ നിന്ന് മഴ തുടങ്ങിയതോടെ ഈ റോഡിലേക്ക് ചെളി ഒലിച്ചിറങ്ങിയപ്പോഴാണ് യാത്ര ദുഷ്കരമായത്. ഇരുചക്രവാഹനങ്ങൾ തെന്നി മറിയുന്നുമുണ്ട്.
ബൈപ്പാസ് കടന്നുപോകാൻ മേൽപ്പാലം നിർമിക്കുന്ന പള്ളൂർ നടവയൽ റോഡിന്റെ സ്ഥിതിയും പരിതാപകരമാണ്. പാലത്തിനുള്ളിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.കാറുകളടക്കം ചെളിയിൽ അമർന്നു പോകുകയാണ്.
അതിനിടെ മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ ഒ.പ്രദീപ് കുമാർ, മാഹി നഗരസഭാ കമ്മീഷണർ സുനിൽകുമാർ, മാഹി ബൈപ്പാസ് എ.ജി.എം.അനിൽ ,അസി.എൻജിനീയർ അതുൽ എന്നിവർ ബുധനാഴ്ച രണ്ട് റോഡുകളും സന്ദർശിച്ചു.