ശ്രീകണ്ഠപുരം: ഇന്നലെയുണ്ടായ കനത്ത മഴയിൽ മലപ്പട്ടം-കണിയാർവയൽ റോഡ് ചെളി പ്രളയമായതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. തളിപ്പറമ്പ്-ശ്രീകണ്ഠപുരം-മയ്യിൽ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മലപ്പട്ടം തലക്കോട് ചെളിയിൽ അകപ്പെട്ട് ട്രിപ്പ് റദ്ദാക്കി. കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസ് അഡൂർ വഴി തിരിച്ചുവിട്ടു.
12.95 കിലോമീറ്റർ ദൂരം വരുന്ന മലപ്പട്ടം-കണിയാർവയൽ-അഡുവാപ്പുറം- പാവന്നൂർമൊട്ട റോഡ് പണി 2018 ഒക്ടോബർ 17 നാണ് തുടങ്ങിയത്. അടുത്ത ഒക്ടോബർ 16 ന് മെക്കാഡം ടാറിംഗ് നടത്തി നിർമാണം പൂർത്തിയാക്കണമെന്നാണ് കരാറെങ്കിലും പണിയുടെ 25 ശതമാനം പോലും പൂർത്തിയായിട്ടില്ല.
പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ പൊതുമരാമത്ത് വകുപ്പ് തളിപ്പറമ്പ് ഡിവിഷനു കീഴിലുള്ള റോഡ് നിർമാണം അടുത്തിടെ കിഫ്ബി ‘യെലോ’ ലിസ്റ്റിൽ പെടുത്തിയിരുന്നു. മൂന്ന് മാസത്തിനുളളിൽ നടക്കുന്ന അടുത്ത പരിശോധനയിലും പണിയിൽ പുരോഗതിയുണ്ടായില്ലെങ്കിൽ റോഡ് റെഡ് ലിസ്റ്റിൽ ഉൾപെടുത്തി ഫണ്ടുകൾ തടയും.